ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് ദുഖമിൽ കോഫി ഷോപ്
text_fieldsമസ്കത്ത്: അത്യാധുനിക ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ വാണിജ്യ കോഫി ഷോപ് തുറന്നതായി ദുഖം പ്രത്യേക സാമ്പത്തിക മേഖല അധികൃതർ അറിയിച്ചു. 101 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന കഫിയ കഫേയുടെ ചിത്രവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
ലോകത്ത് വളർന്നുവരുന്ന ഏറ്റവും പുതിയ നിർമാണ രീതിയാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനും ദുഖമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ അഭിവൃദ്ധിയും ലക്ഷ്യമിട്ടാണ് സംരംഭത്തിന് തുടക്കം കുറിച്ചത്.
കോഫി ഷോപ് ഒമാനി സംരംഭകനാണ് നേതൃത്വം നൽകുന്നത്. കഫേ മെനുവിൽ തണുത്തതും ചൂടുള്ളതുമായ വിവിധയിനം പാനീയങ്ങളും മധുരപലഹാരങ്ങൾ, കേക്കുകൾ, ക്രോസന്റ് എന്നിവയും ലഭ്യമാണ്. ഉപഭോക്താക്കളുടെ അഭിരുചികൾക്ക് അനുസരിച്ച് പ്രത്യേക ലൈവ് കോഫി പ്രൊഡക്ഷൻ സംവിധാനവുമുണ്ട്.
വിവിധ ഒമാനി റസ്റ്റാറന്റുകളുമായി സഹകരിച്ചും കഫേ പ്രവർത്തിക്കും. ദുഖം ഫ്രണ്ട് റെസിഡൻഷ്യൽ കോംപ്ലക്സിന് സമീപമാണ് കഫിയ കഫേ സ്ഥിതി ചെയ്യുന്നത്. ദുഖം ബീച്ചിലേക്കുള്ള റോഡ്, ഹോട്ടലുകളുടെയും പാർപ്പിട സമുച്ചയങ്ങളുടെയും നിര എന്നിവയുള്ളതിനാൽ ഇവിടം നിരവധി സന്ദർശകരെത്തുന്ന സ്ഥലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.