സഹപാഠിക്കൊരു വീട്: ബിരിയാണി ചലഞ്ചുമായി വിദ്യാർഥികൾ
text_fieldsഊർങ്ങാട്ടിരി: സഹപാഠിക്ക് വീടൊരുക്കാൻ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ച് വെറ്റിലപ്പാറ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ. അധ്യാപകർ, പി.ടിഎ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചലഞ്ചിന്റെ ഭാഗമായി 8200 പാക്കറ്റ് ബിരിയാണി വിതരണം ചെയ്തു. കൊണ്ടോട്ടി, എടവണ്ണ, ഏറനാട് മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ബിരിയാണി വിതരണം നടത്തിയത്. ഇതിനായി നേരത്തെ തന്നെ ഓർഡറുകൾ സ്വീകരിച്ചിരുന്നു.
സ്കൂളിലെ 'സഹപാഠിക്കൊരു വീട് പദ്ധതി' വഴി ഇതിനകം നിർധനരായ ഏഴ് കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകിയത്. ജനകീയ സഹകരണത്തിലൂടെ തുടരുന്ന വീട് നിർമാണത്തിന് ഫണ്ട് തികയാതെ വന്ന സാഹചര്യത്തിലാണ് ബിരിയാണി ചലഞ്ചുമായി രംഗത്തെത്തിയത്.
ഈ വർഷം നിർമിക്കുന്ന വീടുകൾക്കുള്ള ഫണ്ട് ശേഖരിക്കാൻ ബിരിയാണി ചലഞ്ചിലൂടെ കഴിയുമെന്ന് പ്രധാനാധ്യാപിക ലൗലി ജോൺ പറഞ്ഞു. അധ്യാപകൻ റോജൻ, പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ, സഹപാഠിക്കൊരു വീട് കോഓഡിനേറ്റർ മജീദ് വെറ്റിലപ്പാറ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.