ജബൽ അഖ്ദറിൽ ഇനി മാതള നാരങ്ങ വിളവെടുപ്പ് കാലം
text_fieldsമസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ മാതള നാരങ്ങ വിളവെടുപ്പിനൊരുങ്ങി. ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകളിലൊന്നാണിത്. ആഗസ്റ്റ് മുതൽ വിളവെടുപ്പ് ആരംഭിക്കും. മാതള നാരങ്ങകളുടെ എണ്ണം 27,000ത്തിലധികം എത്തിയതായി വിലായത്തിലെ കൃഷി, ജലവിഭവ വകുപ്പ് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. കഴിഞ്ഞവർഷം 17.27 ലക്ഷം റിയാൽ ആയിരുന്നു മാതള നാരങ്ങയുടെ വിപണന മൂല്യം. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ പ്രത്യേക ശ്രദ്ധ ഫലിപ്പിച്ചതിനെ തുടർന്ന് ഈവർഷം ആരോഗ്യകരമായ പഴങ്ങൾ 90 ശതമാനത്തിലേറെയായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒരു മരത്തിൽനിന്ന് 55 എണ്ണമെന്നതോതിൽ നല്ല പഴങ്ങൾ 88.7 ശതമാനമായിരുന്നുവെന്ന് ജബൽ അഖ്ദർ വിലായത്ത് കാർഷിക വികസന, ജലവിഭവ വകുപ്പ് മേധാവി ഉമൈർ ബിൻ മുഹമ്മദ് അൽ ഫഹ്ദി പറഞ്ഞു.
മഴയും വെള്ളത്തിന്റെ സമൃദ്ധിയും കാരണം ഈ സീസണിൽ മികച്ചരീതിയിൽ കൃഷി നടത്താൻ കർഷകർക്ക് കഴിഞ്ഞിട്ടുണ്ട്. വിലായത്തിന് ഉത്സവപ്രതീതി സമ്മാനിച്ച് ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ ആഗസ്റ്റ് മുതൽ നടക്കാൻ പോകുകയാണ്. വിളവെടുപ്പ് ഇതിനോടനുബന്ധിച്ച് നടക്കുന്നതിനാൽ കൂടുതൽ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ വളരുന്ന മാതള നാരങ്ങകൾ ലോകത്തിലെ ഏറ്റവും മികച്ചതായാണ് കണക്കാക്കപ്പെടുന്നത്. വിനോദസഞ്ചാരം, സാഹസിക വിനോദസഞ്ചാരം, പ്രകൃതി, പൈതൃക വിനോദസഞ്ചാരം എന്നിവയുടെ ഘടകങ്ങൾ എടുത്തുകാട്ടുന്നതും വിനോദസഞ്ചാര ഉൽപന്നങ്ങളുടെ കാര്യത്തിൽ കൂടുതൽ വൈവിധ്യം നൽകുന്നതുമായ സവിശേഷ സീസണുകളിലൊന്നാണ് ജബൽ അഖ്ദറിലെ മാതള വിളവെടുപ്പ് കാലം. സീസണിൽ ജബൽ അഖ്ദറിലെത്തുന്ന സന്ദർശകർക്ക് മാതള നാരങ്ങയുടെ വിളവെടുപ്പ് മനസ്സിലാക്കാനും പഠിക്കാനും സാധിക്കും.
ആപ്രിക്കോട്ട്, പ്ലംസ്, അത്തിപ്പഴം, മുന്തിരി, ആപ്പിൾ, പേര, ബദാം, വാൽനട്ട്, കുങ്കുമം, റോസാപ്പൂവ് തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷിചെയ്യുന്നുണ്ട്. ഇവിടത്തെ പച്ചപ്പും സവിശേഷമായ കാലാവസ്ഥയും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. വേനൽക്കാലത്തെ കുറഞ്ഞ വെയിലും ശൈത്യകാലത്ത് നല്ല തണുപ്പും പ്രദേശത്തെ കാലാവസ്ഥയുടെ സവിശേഷതകളാണ്.
സഞ്ചാരികൾക്കായി നിരവധി ഹോട്ടൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശൈത്യകാലത്ത് തണുപ്പ് ആസ്വദിക്കാനായി സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഓരോ സീസണിലും ഇങ്ങോട്ട് ഒഴുകാറുള്ളത്. സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്കുള്ള പർവതാരോഹണം, പർവതപാതകളിൽ കാൽനടയാത്ര തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിക്കാനും സൗകര്യങ്ങൾ ലഭ്യമാണ്. വിവിധ അറബ്, ഏഷ്യ, യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.