ഖത്തറിന്റെ പാചക പൈതൃകവുമായി ‘അകിൽന’
text_fieldsദോഹ: ചരിത്ര നിർമിതികളും വസ്ത്രങ്ങളും രേഖകളും മാത്രമല്ല, ഖത്തറിന്റെയും അറബ് നാടിന്റെ പാരമ്പര്യം വഹിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ അറബ് നാടിന്റെ തനത് രുചികളും വിഭവങ്ങളു രാജ്യാതിർത്തികൾക്കുമപ്പുറമെത്തിയതാണ്. സമ്പന്നമായ രാജ്യത്തിന്റെ പാചക പൈതൃകംകൂടി അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ് ഖത്തർ മ്യൂസിയം.
ഈ തിരിച്ചറിവിൽ നിന്ന് ഖത്തരി പാചകരീതിയുടെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങുന്ന പുതിയ പരമ്പര ഖത്തർ മ്യൂസിയം പുറത്തിറക്കിയത്. നാല് ഭാഗങ്ങളിലായി ‘അകിൽന’ എന്ന പേരിലാണ് പുതിയ പാചകയാത്രാ പരമ്പരക്ക് ഖത്തർ മ്യൂസിയം തുടക്കം കുറിച്ചിരിക്കുന്നത്.
ഖത്തർ നാഷനൽ മ്യൂസിയത്തിലെ ഡെസേർട്ട് റോസ് കഫേ ഉടമയും പാചക വിദഗ്ധയുമായ ഷെഫ്. നൂഫ് അൽ മർറിയുടെ നേതൃത്വത്തിലുള്ള അകിൽന പരമ്പര കാഴ്ചക്കാരെ ആകർഷകമായ രുചികളുടെ വിവിധ തലങ്ങളിലേക്ക് നയിക്കും. മദ്റൂബ, ബരന്യൂഷ് എന്നീ രണ്ടു ഭാഗങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഖത്തർ മ്യൂസിയത്തിന്റെ വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും പരമ്പര ലഭ്യമാണ്.
അവിൽ ഉപയോഗിച്ചുള്ള പരമ്പരാഗത ഖത്തരി വിഭവമാണ് മദ്റൂബ. ഖത്രി നെയ്യ് (ദെഹ്ന), അവശ്യ മസാലകൾ എന്നിവ ചേർത്ത് ആധികാരികമായ രുചി നിലനിർത്തിക്കൊണ്ട് തന്നെ ചീര, ഓട്സ് തുടങ്ങിയ ആരോഗ്യകരമായ ചേരുവകൾ ഉപയോഗിച്ചാണ് ക്ലാസിക് മദ്റൂബ പാകം ചെയ്യുന്നത്. പരമ്പരയുടെ മദ്റൂബ ഭാഗത്തിലുടനീളം പാചകത്തിലെ തന്റെ വൈദഗ്ധ്യം ഷെഫ് നൂഫ് പങ്കുവെക്കുന്നുണ്ട്.
ഖത്തറിന്റെ സമുദ്ര വിഭവത്തോടുള്ള സ്നേഹത്തിന് ആദരസൂചകമായാണ് ഷെഫ് നൂഫ് ബാരന്യൂഷ് എന്നു പേരിട്ടിരിക്കുന്ന വിഭവത്തെ പരിചയപ്പെടുത്തുന്നത്. രുചികരമായ ഈത്തപ്പഴം സിറപ്പ് ഉപയോഗിച്ച് ഗ്രിൽ ചെയ്ത മത്സ്യവും അരിയും അടങ്ങുന്ന ബാരന്യൂഷ് വിഭവം പരമ്പരയുടെ രണ്ടാം ഭാഗത്തിൽ അവർ വിശദമായി പരിചയപ്പെടുത്തുന്നു.
പഴയകാലത്തെ അറിവുകളിൽനിന്ന്, പരമ്പരാഗത ഖത്തരി പാചക രീതിയിൽ പഞ്ചസാരയുടെ പകരക്കാരനായി ഈത്തപ്പഴം എങ്ങനെ മാറിയെന്നും അവർ വിശദീകരിക്കുന്നുണ്ട്. ചെറുപ്പം മുതൽ തന്നെ പാചകത്തോടുള്ള അഭിനിവേശമാണ് നൂഫ് അൽ മർരിയെ അറിയപ്പെടുന്ന ഷെഫ് ആക്കി മാറ്റിയത്. പാചക വൈദഗ്ധ്യംകൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നയാൾ കൂടിയാണ് ഷെഫ് നൂഫ്.
ദോഹയിൽ നിന്നാരംഭിച്ച് ചൈന, തുർക്കി, ജർമനി, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിലും ദേശങ്ങളിലും ഖത്തരി വിഭവങ്ങളെ അവർ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു. പാചക കലയിലൂടെ ഖത്തറിന്റെ സമ്പന്നമായ സംസ്കാരവും വ്യക്തിത്വവും അവർ ലോകത്തിന് പരിചയപ്പെടുത്തി.
എവിടെ കാണാം
ഖത്തർ മ്യൂസിയംസ് വെബ്സൈറ്റിലോ യൂട്യൂബ് ലിങ്കിലോ പ്രവേശിച്ചാൽ അകിൽന എപ്പിസോഡുകൾ കാണാവുന്നതാണ്. അറബിയിൽ വിശദീകരിക്കുന്ന പാചകവിവരങ്ങൾക്ക് ഇംഗ്ലീഷിൽ സബ്ടൈറ്റിലും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.