അൽ കുനൈസി എത്തി; ഈത്തപ്പഴ വിപണി സജീവമാകുന്നു
text_fieldsമസ്കത്ത്: ഒമാനിലെ മുഖ്യ കാർഷിക വിളയായ ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് സജീവമാവുന്നു. മേയ് അവസാനത്തോടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും രാജ്യത്തെ ഏറ്റവും മധുരമുള്ളതും രുചിയുള്ളതുമായ ഇനമായ അൽ കുനൈസി വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് വിപണി സജീവമാവുന്നത്. ജൂലൈ ആദ്യത്തോടെയാണ് അൽ കുനൈസിയുടെ വിളവ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ വളരെ കുറച്ച് ഈത്തപ്പനകൾ മാത്രമാണ് കായ്ക്കുന്നത്.
ആദ്യം മാർക്കറ്റിലെത്തുന്ന ഈത്തപ്പഴത്തിന് ആവശ്യക്കാരേറെയാണ്. അതിനാൽ സീസണിൽ ആദ്യം വിപണിയിലെത്തുന്ന ഈത്തപ്പഴത്തിന് വില കൂടുകയും ചെയ്യും. കിലോക്ക് അഞ്ച് മുതൽ ഏഴ് റിയാൽ വരെ വിലയുണ്ടാവും. സീസൺ സജീവമാവുന്നതോടെ വില 500 ബൈസയായി കുറയും. ഫഞ്ചയിലാണ് ആദ്യം ഈത്തപ്പഴം കായ്ക്കുന്നതും വിളവെടുക്കുന്നതും. ആശ് പത്താഷ്, അൽ നഗൽ എന്നിവയാണ് ആദ്യം മാർക്കറ്റിലെത്തുന്നത്.
ആദ്യത്തെ ഈത്തപ്പഴ വിളവെടുപ്പ് ഏറെ ആഘോഷത്തോടെയാണ് സ്വദേശികൾ നടത്തുന്നത്. ജിദാദ് എന്നാണ് അത് അറിയപ്പെടുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും വിളവെടുപ്പ് സമയത്ത് സന്നദ്ധരായിരിക്കും. ഈത്തപ്പഴങ്ങൾ തരം തിരിക്കുകയും നല്ലവ സ്വന്തം ആവശ്യങ്ങൾക്കും മറ്റുള്ളവർക്ക് ഉപഹാരം നൽകാനും വിപണനത്തിനുമായി ഉപയോഗിക്കും. കേടുവന്നവ കന്നുകാലികൾക്ക് നൽകുകയാണ് ചെയ്യുന്നത്.
ഒമാനിൽ ഏറ്റവും പ്രിയങ്കരമായത് അൽ കുനൈസിയാണ്. വർഷം 20,000 ടൺ അൽ കുനൈസി ഉൽപാദിപ്പിക്കുന്നുണ്ട്. ഇത് മൊത്തം ഉൽപാദനത്തിന്റെ ആറ് ശതമാനം ആണ്. ഫെബ്രുവരിയിലാണ് ഈ ഇനം പൂവിടുന്നത്. ജൂലൈ ആദ്യത്തോടെ വിളവെടുപ്പിന് തയാറാവും. ഇതിൽ 86 ശതമാനവും പഞ്ചസാരയുടെ അംശമാണ്. 3.6 പ്രോട്ടീനും മറ്റ് ഘടകങ്ങളുമുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നിഷ്യം, ഇരുമ്പ്, സിങ്ക്, സോഡിയം എന്നിവയും ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഈ ഇനത്തിൽെപ്പട്ട 4,40,826ൽ അധികം ഈത്തപ്പനകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഏകദേശം 46.58 കിലോയാണ് ഒരു മരത്തിന്റെ ശരാശരി ഉൽപാദനം.
ഒമാനിൽ 250 ലധികം ഇനം ഈത്തപ്പനകളുണ്ട്. ഇവ രുചിയിലും നിറത്തിലും ഗുണത്തിലുമെല്ലാം വ്യത്യസ്തമാണ്. വിവിധ ഗവർണറേറ്റുകളിൽ വിവിധ ഇനത്തിലുള്ള ഈത്തപ്പഴങ്ങളാണുള്ളത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഏറെ പ്രിയപ്പെട്ട ഇനങ്ങളും ഇവയിലുണ്ട്. വർഷം തോറും ഈത്തപ്പഴ വ്യാപാരം വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാദേശിക മാർക്കറ്റിലും അന്താരാഷ്ട്ര മാർക്കറ്റിലും ഒമാൻ ഈത്തപ്പഴത്തിന് ആവശ്യക്കാർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.