ദീപാവലിയെത്തി; മധുരോത്സവത്തിന് ബേക്കറികൾ ഒരുങ്ങുന്നു
text_fieldsമസ്കത്ത്: ദീപാവലി വന്നെത്തിയതോടെ ഒമാനിലെ ബേക്കറികളിലും ഒരുക്കങ്ങൾ തകൃതിയായി. രാജ്യത്ത് ഏറ്റവും കൂടുതൽ മധുരപലഹാരങ്ങൾ വിറ്റഴിക്കപ്പെടുന്നത് ദീപാവലിയോടനുബന്ധിച്ചാണ്. ദീപാവലി നാളിൽ മധുര വിതരണം നൽകുന്നത് പ്രധാന ചടങ്ങാണ്.
എല്ലാ വീടുകളിലും വിവിധ ഇനം മധുരപലഹാരങ്ങൾ സൂക്ഷിക്കുകയും അതിഥികൾക്ക് നൽകുകയും ചെയ്യും. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ജീവനക്കാർക്കുമൊക്കെ മധുരപലഹാരങ്ങൾ നൽകുന്നതും ദീപാവലിയുടെ ഭാഗമാണ്.
പ്രധാന കമ്പനികളിലെല്ലാം ഉന്നത പദവിയിലിരിക്കുന്ന ഇന്ത്യക്കാരായ ഉദ്യോഗസ്ഥരും ജീവനക്കാരും സഹപ്രവർത്തകർക്കും മറ്റും മധുരപലഹാരം വിതരണം ചെയ്യാറുണ്ട്. ഇന്ത്യൻ കമ്പനികൾ അവരുടെ ഇടപാടുകാർക്കും പലഹാരങ്ങൾ നൽകാറുണ്ട്. ദീപാവലിയുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം വിവിധ ഇനം മധുരപലഹാരങ്ങൾ ഉണ്ടാവാറുണ്ട്.
ഇതൊക്കെ പരിഗണിച്ച് ഒമാനിലെ ബേക്കറികളെല്ലാം ദീപാവലി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. സാധാരണ പലഹാരങ്ങൾക്കൊപ്പം ദീപാവലിയുടെ പ്രത്യേക പലഹാരങ്ങളും ധാരാളമുണ്ടാവും. ഉത്തരേന്ത്യൻ ബേക്കറികളിലാണ് ഇത്തരം വിഭവങ്ങൾ കൂടുതൽ കണ്ടുവരുന്നത്. ദീപാവലി കാലത്തെ വൻ തിരക്കും ഡിമാൻഡും പരിഹരിക്കാൻ ബേക്കറികൾ മാസങ്ങൾക്കു മുമ്പ് തയാറെടുപ്പുകൾ നടത്തും.
ചില ബേക്കറികൾ ദീപാവലി ആവശ്യത്തിന് മാത്രം നാട്ടിൽനിന്ന് പലഹാര വിദഗ്ധരെ കൊണ്ടുവരാറുണ്ട്. ദീപാവലിയോടനുബന്ധിച്ച് ബേക്കറികളിലെ ജീവനക്കാരും നല്ല തിരക്കിലാണ്.
ഓർഡർ ചെയ്തവ എത്തിക്കാൻ ചില ബേക്കറിയിലെ ജീവനക്കാർ രാവും പകലും മിനക്കെട്ടാണ് പലഹാരങ്ങൾ തയാറാക്കുന്നത്. നേരത്തെ തയാറാക്കിവെച്ച പലഹാരങ്ങൾ ദീപാവലിയുടെ തലേന്നാണ് പാക്കിങ് നടത്തുന്നത്. ജീവനക്കാർ പുലരുവോളം ഉറക്കമിളച്ചിരുന്നാണ് പാക്കിങ് പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.