‘സ്വിഗ്ഗി’യിലെ സൂപ്പർ താരമായി ബിരിയാണി; 8.3 കോടി ഓർഡറുകളോടെ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇത്രയും ബിരിയാണി പ്രിയരോ എന്ന് അതിശയിച്ചുപോവും ഭക്ഷണ വിതരണ കമ്പനിയായ ‘സ്വിഗ്ഗി’ പുറത്തുവിട്ട വർഷാവസാന റിപ്പോർട്ട് കണ്ടാൽ. ഇന്ത്യയിലുടനീളമുള്ള ചില കൗതുകകരമായ ഭക്ഷണ ഓർഡറിംഗ് ട്രെൻഡുകൾ അനാവരണം ചെയ്യുന്ന റിപ്പോർട്ടിൽ സൂപ്പർ താരമായത് മറ്റാരുമല്ല, ബിരിയാണി തന്നെ!
ജനുവരി 1 മുതൽ നവംബർ 22 വരെ 8.3 കോടി ഓർഡറുകളോടെ ബിരിയാണിയാണ് സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വിഭവം. 97 ലക്ഷം ഓർഡറുകളുമായി ഹൈദരാബാദാണ് മുന്നിൽ. 77 ലക്ഷവുമായി ബംഗളൂരുവും 46 ലക്ഷവുമായി ചെന്നൈയും പിന്നിലുണ്ട്.
2024ലെ റമദാനിൽ രാജ്യത്തുടനീളം തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഏകദേശം 60 ലക്ഷം പ്ലേറ്റ് ബിരിയാണി ഓർഡർ ചെയ്യപ്പെട്ടുവെന്ന് ഈ വർഷം ആദ്യം സ്വിഗ്ഗി പങ്കുവെച്ചിരുന്നു. വർഷാവസാന റിപ്പോർട്ടിൽ നിന്നുള്ള രസകരമായ മറ്റൊരു ഡേറ്റ, കൊൽക്കത്തയിലെ ഒരു ഭക്ഷണപ്രിയന്റെ ഇതിനോടുള്ള വല്ലാത്ത ഇഷ്ടം എടുത്തുകാണിക്കുന്നു. ഒരു ഉപയോക്താവ് 2024 ജനുവരി 1 ന് പുലർച്ചെ 4.01 ന് ബിരിയാണിക്ക് ഓർഡർ നൽകിയതാണത്.
കൂടാതെ, ട്രെയിനുകളിൽ ഏറ്റവുമധികം തവണ ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങളിലൊന്നാണ് ബിരിയാണി. സ്വിഗ്ഗി ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് ട്രെയിൻ റൂട്ടുകളിലെ നിയുക്ത സ്റ്റേഷനുകളിൽ ഭക്ഷണ വിതരണം സാധ്യമാക്കുന്നുണ്ട്.
2024ൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ലഘുഭക്ഷണത്തിന്റെ റെക്കോർഡ് ചിക്കൻ റോൾ സ്വന്തമാക്കി. 2.48 ദശലക്ഷം ഓർഡറുകളാണ് ചിക്കൻ റോളിന് ലഭിച്ചത്! 1.63 ദശലക്ഷം ഓർഡറുകൾ രേഖപ്പെടുത്തിയ ചിക്കൻ മോമോസ് തൊട്ടുപിന്നിൽ. 1.3 ദശലക്ഷം ഓർഡറുകളുമായി ഉരുളക്കിഴങ്ങ് ഫ്രൈകളും വേറിട്ടു നിന്നു.
ബിരിയാണി സ്വിഗ്ഗിയിൽ മാത്രമല്ല പ്രിയങ്കരം. ‘സൊമാറ്റോ’യുടെ 2023ലെ റിപ്പോർട്ടിൽ, കഴിഞ്ഞ വർഷത്തെ പുതുവത്സര രാവിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വിഭവം ബിരിയാണിയാണെന്ന് വെളിപ്പെടുത്തിയിരുന്നു.
നൂറ്റാണ്ടുകളുടെയും വിവിധ സംസ്കാരങ്ങളുടെയും നാഗരികതകളുടെയും സമ്പന്നമായ ചരിത്രമുള്ള ഈ വിഭവം കാലത്തെ അതിജീവിച്ച് നാവുകളിൽ കൊതിയുണർത്തി ഇന്നും വാഴുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.