ഇതാ ഫമിതയുടെ കേക്ക് സദ്യ
text_fieldsഉദുമ: ഫമിതയുടെ ഓണസദ്യയിൽ അരിമണി ഇല്ല. ഇലയടക്കം എല്ലാം കേക്ക്. ഇലയിൽ നിരത്തിയ വിഭവങ്ങളിൽ ഇല അടക്കം എല്ലാം കഴിക്കാം. തിരുവോണനാളിൽ പാലക്കുന്ന് പള്ളത്തിൽ ഫമിത എന്ന വീട്ടമ്മ തയാറാക്കിയ ഓണസദ്യയാണിത്. വീട്ടിൽ ഉണ്ടാക്കുന്ന അരിയടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കൊണ്ടല്ല, വായിൽ വെള്ളമൂറുന്ന കേക്ക് കൊണ്ടാണ് ഈ സദ്യ ഒരുക്കിയിരിക്കുന്നതെന്ന അപൂർവതയാണ് തിരുവോണ ദിവസം അയൽക്കാരെയും ബന്ധുക്കളെയും അതൊന്ന് രുചിച്ച് നോക്കാൻ പള്ളത്തിലെ എം.എച്ച് മാൻഷനിലേക്ക് ആകർഷിച്ചത്.
ചോറിനോടൊപ്പം സാമ്പാർ, കൂട്ടുകറി, അവിയൽ, ഓലൻ, വറവ്, പച്ചടി, പുളിയിഞ്ചി, ശർക്കര ഉപ്പേരി, പാൽപായസം, തൈര് , രസം, പപ്പടം തുടങ്ങിയവയും ഇതെല്ലാം വിളമ്പാനുള്ള വാഴയിലപോലും കേക്കുകൊണ്ടാണ് ഫമിത ഉണ്ടാക്കിയത്. മുൻ പ്രവാസിയും ഇപ്പോൾ എറണാകുളത്ത് ചെറുകിട ബിസിനസുകാരനുമായ ഭർത്താവ് സാജിദും ഫമിതയുടെ കേക്ക് നിർമാണത്തിന് പന്തുണ നൽകുന്നു. ഇപ്പോൾ വീട്ടിലിരുന്ന് കേക്ക് ഉണ്ടാക്കലാണ് മൂന്നു മക്കളുടെ അമ്മയായ ഫമിതയുടെ ജോലി. വിവാഹം, വിവാഹ വാർഷികം, ജന്മദിനം തുടങ്ങി വീടുകളിലെ സ്വകാര്യ വിശേഷാൽ പരിപാടികൾക്കെല്ലാം കേക്കുണ്ടാക്കി കൊടുക്കാൻ വിളികൾ വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.