‘ചിക്കൻ ടിക്ക മസാല’ കണ്ടുപിടിച്ച ഷെഫ് അലി അഹമ്മദ് അസ് ലം ഓർമ്മയായി
text_fieldsഗ്ലാസ്‌ഗോ: ജനപ്രിയ വിഭവമായ ‘ചിക്കൻ ടിക്ക മസാല’ കണ്ടുപിടിച്ച യു.കെയിലെ പ്രമുഖ ഷെഫ് അലി അഹമ്മദ് അസ് ലം (77) ഓർമ്മയായി. 1964ൽ ഗ്ലാസ്‌ഗോ വെസ്റ്റിൽ ആരംഭിച്ച ശിഷ് മഹൽ റെസ്റ്റോറന്‍റിന്‍റെ ഉടമയായിരുന്നു. അസ് ലമിന്‍റെ സംസ്‌കാരം ഗ്ലാസ്‌ഗോ സെൻട്രൽ മോസ്‌കിൽ നടന്നു. ആദരസൂചകമായി ശിഷ് മഹൽ 48 മണിക്കൂർ അടച്ചിട്ടു. പാകിസ്താനിൽ ജനിച്ച അസ് ലം ചെറുപ്രായത്തിൽ കുടുംബത്തോടൊപ്പം യു.കെയിലെ ഗ്ലാസ്‌ഗോയിലേക്ക് കുടിയേറിയതാണ്.
1970കളിൽ ഉപഭോക്താവിന്റെ അഭ്യർഥന പ്രകാരമാണ് ചിക്കൻ ടിക്കയിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സോസ് അസ് ലം തയാറാക്കിയത്. ചിക്കൻ ടിക്ക ഡ്രൈയാണെന്നും ഇത് സോഫ്റ്റ് ആക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന ഉപഭോക്താവിന്‍റെ ചോദ്യത്തിനുള്ള പരിഹാരമായിരുന്നു ക്രീം ടൊമാറ്റോ സോസ്.
ചിക്കൻ ടിക്ക മസാലയുടെ ആസ്ഥാനമായി ഗ്ലാസ്‌ഗോ നഗരത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് 2009ൽ ഗ്ലാസ്‌ഗോ സെൻട്രലിലെ ലേബർ എം.പിയായിരുന്ന മുഹമ്മദ് സർവാർ ജനപ്രതിനിധി സഭയിൽ ആവശ്യപ്പെട്ടിരുന്നു. വിഭവത്തിന് യൂറോപ്യൻ യൂണിയൻ പ്രൊട്ടക്റ്റഡ് ഡിസിഗ്നേഷൻ ഓഫ് ഒറിജിൻ പദവി നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സർവാർ പ്രചാരണം നടത്തിയെങ്കിലും പരാജയപ്പെട്ടു.
യു.കെയിലെ മിക്ക വീടുകളിലും പ്രധാന വിഭവമായി അറിയപ്പെടുന്ന ചിക്കൻ ടിക്ക മസാല ബ്രിട്ടന്‍റെ ദേശീയ വിഭവമാണെന്ന് പറയപ്പെടുന്നു. രാജ്യത്തെ നിരവധി സ്ഥാപനങ്ങൾ തങ്ങളാണ് വിഭവം കണ്ടുപിടിച്ചതെന്ന് അവകാശപ്പെട്ട് രംഗത്ത് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.