നിപ്മറിലെ കുട്ടികൾ പഠിക്കുന്നു മധുരം ജീവാമൃതബിന്ദു...
text_fieldsഇരിങ്ങാലക്കുട: സ്വപ്രയത്നംകൊണ്ട് ജീവിതത്തിന് മധുരമൂട്ടുകയാണ് നിപ്മറിലെ ഒരുപറ്റം കുട്ടികൾ. കൊതിയൂറും കേക്കുകളും ചോക്ലറ്റുകളും വ്യത്യസ്ത മധുര പലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പുമ്പോൾ അവർക്കത് സ്വപ്രയത്നംകൊണ്ടുള്ള ജീവിതമുന്നേറ്റമാണ്.
കല്ലേറ്റുംകരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ ഭിന്നശേഷിക്കുട്ടികളുടെ തൊഴിൽ പരിശീലന പദ്ധതിയായ എംവോക്കിന് കീഴിൽ പരിശീലനം നടത്തുന്ന കുട്ടികളാണ് മധുരരുചിക്കൂട്ടുകളുടെ സ്രഷ്ടാക്കൾ. ആറുമാസ കാലയളവിൽ വിവിധതരം കേക്കുകൾ, ചോക്ലറ്റുകൾ, ഷേക്കുകൾ, സാലഡുകൾ തുടങ്ങിയവ തയാറാക്കാനാണ് കുട്ടികൾ പഠിക്കുന്നത്.
ഇതുവഴി സ്വന്തം കഴിവുകൊണ്ടുതന്നെ ജീവിതം കരുപ്പിടിപ്പിക്കാൻ ഇവർ പ്രാപ്തരാകുമെന്ന് നിപ്മർ എക്സിക്യൂട്ടിവ് ഡയറക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബു പറഞ്ഞു.
ആവശ്യമായ അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കൽ, അളവ് നിർണയിക്കൽ, ബേക്കിങ്, ഗാർണിഷിങ്, വിളമ്പിനൽകൽ, പാക്കിങ് തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബേക്കറികളിൽ പ്രായോഗിക പരിശീലനത്തിനും അവസരമുണ്ട്. പ്രാദേശിക വ്യാപാരമേളകളിൽ പങ്കെടുത്ത് വിപണി ഇടപെടലുകളിലും പരിശീലനം നൽകുന്നു. ആദ്യഘട്ടത്തിൽ എട്ടുകുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.