സ്കൂളുകളില്‍ ഇനി പാചകം നീരാവിയിലൂടെ
text_fieldsകാസർകോട്: ആരോഗ്യപ്രദവും പരിസ്ഥിതി സൗഹാർദപരവും ചെലവ് കുറഞ്ഞതുമായ പൊതുപാചക സംവിധാനം സ്കൂളുകളില്‍ ഒരുക്കാൻ ജില്ല പഞ്ചായത്ത്. ജില്ല പഞ്ചായത്തിന് കീഴിലുള്ള 21 സ്കൂളുകളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ റാപ്പിഡ് സ്റ്റീമര്‍ ഇനി നാഴികക്കല്ലാവും.
വിറക്, പരിസ്ഥിതി മലിനീകരണം, സാമ്പത്തിക ചെലവ്, സമയനഷ്ടം എന്നിവക്കെല്ലാം പുതിയ സംവിധാനം പരിഹാരമാകും. സോളാറിലോ പാചകവാതകത്തിലോ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് സ്റ്റീമറിലൂടെ കുറഞ്ഞ ഇന്ധന ചെലവില്‍ ഒരേ സമയം 250 മുതല്‍ 3000 പേര്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യാം.
നൂതന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് സ്റ്റീമറിലൂടെ പാചകത്തിന് കുറഞ്ഞ സമയം മതിയാകും. ഒപ്പം കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കും. ഒരു കോടി രൂപ വിഹിതമുള്ള പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണ്. സ്കൂളുകളില്‍ പാചകത്തൊഴിലാളികളായി സ്ത്രീകളാണ് ഏറെ എന്നതുകൊണ്ട് സ്ത്രീപക്ഷ കാഴ്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും പാചകത്തൊഴിലാളികളുടെ അധ്വാനഭാരം കുറക്കുകയാണ് ലക്ഷ്യമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് പറഞ്ഞു.
റാപ്പിഡ് സ്റ്റീമര്‍, വിറക് അടുപ്പുകള്‍ക്ക് ബദല്‍
റാപ്പിഡ് സ്റ്റീമറിന്റെ പ്രവര്‍ത്തനം അനെര്‍ട്ട്, കുടുംബശ്രീ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയതാണ്. കുടുംബശ്രീയുടെ ഹോട്ടല്‍, കാറ്ററിങ് സംവിധാനങ്ങള്‍ക്ക് റാപ്പിഡ് സ്റ്റീമര്‍ ഉപയോഗിക്കുന്നുണ്ട്. റാപ്പിഡ് സ്റ്റീമറിന്റെ ഊര്‍ജ ലാഭം, ഊര്‍ജ സംരക്ഷണം എന്നിവ അനെര്‍ട്ടും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാധാരണ സ്റ്റീമറുകളില്‍ ഉൽപാദിപ്പിക്കുന്ന പരമാവധി ഊര്‍ജം ഉപയോഗിക്കാന്‍ കാര്യക്ഷമതയുണ്ടാവാറില്ല.
ഒപ്പം താപം, മലിനീകരണം തുടങ്ങിയ ഘടകങ്ങളും പാചകത്തെ ബാധിക്കാറുണ്ട്. ഇതിനെല്ലാം ബദലാണ് റാപ്പിഡ് സ്റ്റീമര്‍. വിറകടുപ്പിലൂടെയുള്ള പാചകം, പാചകം ചെയ്യുന്നവര്‍ക്കും പരിസരത്തുള്ളവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇതിനെല്ലാം പരിഹാരമാകുകയാണ് റാപ്പിഡ് സ്റ്റീമര്‍. ഉൽപാദിപ്പിക്കുന്ന എല്ലാ താപവും മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ റാപ്പിഡ് സ്റ്റീമറിനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.