ഈത്തപ്പഴ വിപണിയിൽ ‘വരത്തന്മാർ’ക്ക് വരവേൽപ്
text_fieldsദുബൈ: റമദാൻ അടുത്തതോടെ ഇടവേളക്കുശേഷം ഈത്തപ്പഴ വിപണി വീണ്ടും സജീവമാകുന്നു. യു.എ.ഇയിൽ ഈത്തപ്പഴ സീസൺ തുടങ്ങാത്തതിനാൽ ഇറക്കുമതി ചെയ്തവയാണ് ഇപ്പോൾ മാർക്കറ്റിൽ സജീവമായിരിക്കുന്നത്. സൗദി, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും ഈത്തപ്പഴം എത്തുന്നത്. വരുംദിവസങ്ങളിൽ ഈത്തപ്പഴം വാങ്ങാനെത്തുന്നവരുടെ തിരക്ക് വലിയതോതിൽ വർധിക്കും.
യു.എ.ഇയിൽ ചൂടുകാലമാണ് ഈത്തപ്പഴം വിളവെടുക്കുന്ന സീസൺ. സാധാരണ ജൂണിലാണ് ഈത്തപ്പഴ വിപണി സജീവമാകുന്നത്. മുൻകാലങ്ങളിൽ ജൂണിലായിരുന്നു റമദാൻ മാസം. എന്നാൽ, ഇപ്പോൾ മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് റമദാൻ വിരുന്നെത്തുന്നത്. അതിനാൽതന്നെ യു.എ.ഇക്കാർക്ക് റമദാനിൽ ഇറക്കുമതി ചെയ്ത ഈത്തപ്പഴമായിരിക്കും അധികവും ലഭിക്കുക. ഉണങ്ങിയ ഈത്തപ്പഴമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
സഫാവി, സഗായി, മജ്സൂൽ, ഷക്കരി തുടങ്ങി വിവിധ പേരുകളിൽ ഈത്തപ്പഴം വിപണിയിലെത്തിയിട്ടുണ്ട്. ഷാർജ സൂഖ് അൽ ജുബൈൽ മാർക്കറ്റിൽ ഈത്തപ്പഴത്തിന് മാത്രമായി പ്രത്യേക സ്റ്റാളുകളുണ്ട്. സീസണ് അവസാനിക്കുംവരെ ഈ മാർക്കറ്റിൽ കച്ചവടമുണ്ടാകും.
ഇതര വിപണികളെ അപേക്ഷിച്ച് ഈത്തപ്പഴത്തിനു വില കുറവാണ്. കിലോക്ക് 15 ദിർഹം മുതൽ ലഭിക്കും. സ്വദേശികളും പ്രവാസികളുമടക്കം ആശ്രയിക്കുന്ന മാർക്കറ്റാണിത്. കച്ചവടക്കാരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. റമദാൻ സമയത്ത് യു.എ.ഇയിൽ ഈത്തപ്പഴ വിളവെടുപ്പില്ലാത്തത് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തിരിച്ചടിയാണ്.
കുറഞ്ഞ വിലയിൽ കൂടുതൽ ഫ്രഷായ ഈത്തപ്പഴം ലഭിക്കാൻ യു.എ.ഇയിലെ വിളവെടുപ്പാണ് തുണച്ചിരുന്നത്. യു.എ.ഇയിൽ ഈന്തപ്പനകൾ കായ്ച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം അവസാനത്തോടെ ഈത്തപ്പഴങ്ങൾ പാകമായി തുടങ്ങും.
രാജ്യത്തെ പ്രധാന വരുമാനമാര്ഗങ്ങളിലൊന്നായതിനാല് വിളവെടുപ്പിനായി കാത്തിരിക്കുകയാണ് ഈന്തപ്പന കര്ഷകരും. കച്ചവടം സജീവമാകുന്നുണ്ടെന്നും അടുത്തയാഴ്ചയോടെ കൂടുതൽ ഉപഭോക്താക്കളെത്തുമെന്നും സൂഖ് അൽ ജുബൈൽ മാർക്കറ്റിലെ അൽ ജുബൈൽ ഡേറ്റ്സ് ഉടമ സിദ്ദീഖ് പറയുന്നു. ഈത്തപ്പഴത്തിനു പുറമെ പഴംവിപണിയും സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.