കറുമുറെ, ചില് ടൈം; ഹോപ് ഫിയസ്റ്റയിൽ വേറിട്ട രുചികൾ
text_fieldsആലപ്പുഴ: രുചിയേറും വിഭവങ്ങള്‍ വിളമ്പി ജില്ലയിലെ ഭിന്നശേഷിക്കാരുടെ പാചകമേള. ജില്ല കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പാചകമേള ‘ഹോപ് ഫിയസ്റ്റയിലാണ് വ്യത്യസ്തമായ വിഭവങ്ങള്‍ അണിനിരന്നത്. മേള ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ഹരിത വി. കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. എ.എം. ആരിഫ് എം.പി മേള സന്ദര്‍ശിച്ചു.
ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മേളയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 13 ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. കറുമുറെ, ചില് ടൈം, ഇരട്ടിമധുരം, ഹെല്‍ത്ത് മുഖ്യം ബിഗിലെ എന്നിങ്ങനെ നാല് റൗണ്ടുകളിലായാണ് മത്സരം നടത്തിയത്. കറുമുറെയില് വിവിധയിനം സ്നാക്സുകളും ചില് ടൈമില്‍ ലഘുപാനീയങ്ങളും ഇരട്ടിമധുരത്തില്‍ പായസവും ഹെല്‍ത്ത് മുഖ്യം ബിഗിലെയില് വിവിധ സാലഡുകളുമാണ് തയാറാക്കിയത്.
ഭിന്നശേഷിക്കാരുടെ വ്യത്യസ്തമായ കഴിവുകള്‍ മുന്നോട്ടുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പാചകമേള നടത്തിയത്. ഭക്ഷ്യ-പാചക മേഖലയില്‍ ഉപജീവന സംരംഭം ആരംഭിക്കാന്‍ താൽപര്യമുള്ളവരെ കണ്ടെത്താനും ഭാവിയില്‍ ഇവര്‍ക്ക് വേണ്ട സഹായം നല്‍കാനുമാണ് മേളയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു, എ.ഡി.എം.സിമാരായ എം.ജി. സുരേഷ്, കെ.വി. സേവ്യർ, ജില്ല പ്രോഗ്രാം മാനേജർമാർ തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് ഹോം സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർമാരായ ജിബി എബ്രഹാം, ഡോ. ഡി. ഭാഗ്യ, ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ടി.ആർ. സജീവ് കുമാർ എന്നിവർ വിധികർത്താക്കളായി.'
കൃഷിയിൽ മാത്രമല്ല; പാചകത്തിലും മികവുകാട്ടി രാജീവ്
ആലപ്പുഴ: ഭിന്നശേഷി വിഭാഗത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ രാജീവ് പാചകത്തിലും മികവുകാട്ടി. ‘ഹോപ് ഫിയസ്റ്റ’ പാചകമേളയിലാണ് തണ്ണീർമുക്കം പഞ്ചായത്തിലെ മികച്ച കർഷക അവാർഡ് ജേതാവും ചേർത്തല മരുത്തോർവട്ടം ശ്രീലക്ഷ്മി വീട്ടിൽ രാജീവ് പി. നായർ പാചകമികവ് പുറത്തെടുത്തത്.
പരിപ്പുവട, പഴംപൊരി, അവൽ വിളയിച്ചത്, കബാബ്, കപ്പ മുളക് തുടങ്ങി വ്യത്യസ്ത പാചകരീതികളുമായാണ് ആദ്യമത്സരമായ കറുമുറെ റൗണ്ടിൽ ജില്ലയിലെ വിവിധ ബി.ആർ.സികളെ പ്രതിനിധാനം ചെയ്ത് 12 ഭിന്നശേഷിക്കാർക്കൊപ്പം മത്സരിച്ചത്. രണ്ടാം റൗണ്ട് ചിൽ ടൈമിൽ എല്ലാവരും ജ്യൂസ് ഉണ്ടാക്കി. മൂന്നാം റൗണ്ടായ ഇരട്ടിമധുരത്തിൽ പായസവും ഉണ്ടാക്കിയാണ് പാചകമേളയിൽ തിളങ്ങിയത്.
ഹെൽത്ത് മുഖ്യം ബിഗിലെ എന്ന അവസാന റൗണ്ടിൽ എല്ലാവരും സലാഡും ഉണ്ടാക്കി വൈവിധ്യങ്ങളുടെ കലവറ തീർത്തു. മികച്ച കഴിവ് തെളിയിച്ചവർക്ക് കുടുംബശ്രീ വക പ്രത്യേക ഉപഹാരവും നൽകിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.