ബാച്ചിലേഴ്സ് കിച്ചണിലെ കൂട്ടായ്മയുടെ പെരുന്നാൾ
text_fieldsമനാമ: പെരുന്നാളെത്തുമ്പോൾ നാട്ടിൽ പെണ്ണുങ്ങളുടെ മനസ്സിൽ ജഗപൊഗയാണ്. എന്തെല്ലാം ഒരുക്കണം. വിഭവങ്ങൾ എത്രതരം വേണം. നിൽക്കാനും ഇരിക്കാനും സമയമുണ്ടാകില്ല. എന്നാൽ, പ്രവാസഭൂമിയിൽ ഈ തിരക്ക് ആണുങ്ങൾക്കാണ്. ഇവിടെ ബാച്ചിലേഴ്സ് കിച്ചണാണ് താരം. പെരുന്നാൾ സന്തോഷത്തിന്റെ ദിനങ്ങളാണ്. കൂട്ടായ്മമാണിവിടത്തെ രുചിരഹസ്യം. പെരുന്നാൾ ആഘോഷത്തിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നതു മുതൽ ഈ കൂട്ടായ്മ തുടങ്ങും.
പൊടിപിടിച്ചു കിടക്കുന്ന വലിയ പാത്രങ്ങളും പ്ലേറ്റുകളുമെല്ലാം കഴുകിവെച്ച്, പായസത്തിനും ബിരിയാണിക്കുമുള്ള സാധനങ്ങളെല്ലാം എല്ലാവരുംകൂടെ ഒരുക്കും. റൂമിലെ മെയിൻ ‘പണ്ടാരിയുടെ’ നേതൃത്വത്തിലായിരിക്കും ഭക്ഷണത്തിനുള്ള തയാറെടുപ്പുകൾ. അന്ന് അയാളുടെ ദിവസമാണ്. ഓരോ ആൾക്കും അദ്ദേഹം ജോലികൾ ഭാഗിച്ച് നൽകിയിട്ടുണ്ടാവും. അരി കഴുകുക, പച്ചക്കറികൾ അരിയുക, ചിക്കൻ മുറിച്ച് കഴുകിയെടുക്കുക... അങ്ങനെയങ്ങനെ. എല്ലാവരും അവരവരുടെ ജോലികൾ ചെയ്ത് കിച്ചണിൽ സജീവമാവുന്ന ദിനമാണ് പെരുന്നാൾ.
മല്ലിച്ചപ്പിന്റെയും പുതിനയുടെയുമൊക്കെ വാസന വരുമ്പോൾ സുഹൃത്തുക്കൾ ഓർമിപ്പിക്കും; നാട്ടിലെ കല്യാണ ദിനങ്ങളുടെ ഓർമകൾ വിരുന്നിനെത്തും. പെരുന്നാളിന്റെ ഉടുപ്പെല്ലാം അഴിച്ചുവെച്ച് തലയിൽ തോർത്തുമുണ്ട് ചുറ്റി, മൊബൈലിൽ മാപ്പിളപ്പാട്ടും വെച്ച് കിച്ചണിൽ പിന്നെ ഒരു താളമേളമാണ് നടക്കുക. ഒറ്റപ്പെട്ടവന്റെ പെരുന്നാളാഘോഷത്തിന് നിറംപകരുന്ന സൗഹൃദ കാഴ്ചകൾ.
പായസം ഉണ്ടാക്കിക്കഴിഞ്ഞാൽ പിന്നെ പാത്രത്തിൽ ഇഞ്ചിയും മുളകും വെളുത്തുള്ളിയും എണ്ണയിലിട്ട് വഴറ്റി ഉള്ളിയും തക്കാളിയും മസാലപ്പൊടികളുംകൂടി ചേർത്ത് കഴിഞ്ഞാൽ ചിക്കനും ചേർത്ത് വേവിച്ചുണ്ടാക്കുന്ന ബിരിയാണിക്ക് ഒരു പ്രത്യേക രുചിയാണ്. അതിന്റെ കൂടെ തൈരും ചമ്മന്തിയും പപ്പടവും. ഭക്ഷണം കഴിക്കാൻ നിലത്ത് സുപ്ര വിരിക്കും. സുഹൃത്തുക്കളെക്കൂടി വിളിച്ച് വട്ടത്തിലിരുന്ന് ആസ്വദിച്ചു കഴിക്കുന്നതാണ് അനുഭൂതി. പ്രവാസത്തിന്റെ വിഷമങ്ങളും ഒറ്റപ്പെടലുകളുമെല്ലാം മറക്കുന്നത് ആ ഒത്തൊരുമയിലാണ്. തമാശകളും പെരുന്നാൾ അനുഭവങ്ങളും പങ്കുവെച്ച് പെരുന്നാൾദിനത്തിനെ ആഘോഷമാക്കും.
ഭക്ഷണ പരിപാടികൾ കഴിഞ്ഞാൽ പിന്നീടുള്ളത് ബ്ലാങ്കറ്റും പുതച്ച് ഒരുറക്കമാണ്. പിന്നീട് വൈകുന്നേരങ്ങളിൽ എണീറ്റ് കുടുംബ, സൗഹൃദ സന്ദർശനങ്ങൾകൂടി നടത്തിയാൽ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.