അമൃതം ന്യൂട്രിമിക്സ്; ‘സ്നേഹ’യുടെ വിജയഗാഥ
text_fieldsകായംകുളം: പോഷകാഹാര ഉൽപാദനത്തിൽ വിജയഗാഥ രചിച്ച് സ്നേഹ കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്. കറ്റാനം ഇലിപ്പക്കുളം മങ്ങാരം ജങ്ഷന് സമീപമാണ് 12 സ്ത്രീകൾ ഉൾപ്പെട്ട സ്ത്രീകളുടെ മാതൃകാ സംരംഭം 18 വർഷം പിന്നിടുന്നത്.
2005 ഡിസംബറിലാണ് ഭരണിക്കാവ് പഞ്ചായത്തിലെ നാല് കുടുംബശ്രീകളിൽ നിന്നുള്ള 20 സ്ത്രീകളെ കോർത്തിണക്കി ‘സ്നേഹ അമൃതം ഫുഡ്സ് സപ്ലിമെന്റ്’ രൂപവത്കരിക്കുന്നത്. ഇലിപ്പക്കുളം 13ാം വാർഡിൽ പരേതനായ തോപ്പിൽ മുഹമ്മദ് മൈതീൻകുഞ്ഞ് വിട്ടുനൽകിയ സ്ഥലത്ത് സംരംഭത്തിനായി പഞ്ചായത്ത് കെട്ടിടവും നിർമിച്ച് നൽകി. അന്ന് പ്രസിഡന്റായിരുന്ന എ.എം. ഹാഷിറാണ് മുൻകൈയെടുത്തത്.
തുടർന്ന് സ്നേഹയിലെ അംഗങ്ങൾ പൂരക പോഷകാഹാര ഉൽപാദനത്തിൽ കാസർകോട്, കോഴിക്കോട് സി.പി.സി.ആർ.ഐ യൂനിറ്റുകളിൽനിന്ന് പരിശീലനം പൂർത്തിയാക്കിയതോടെയാണ് പദ്ധതി പ്രായോഗിക തലത്തിൽ എത്തിയത്. അംഗൻവാടികൾക്കുള്ള പോഷകാഹാരം നിർമാണം തുടക്കത്തിൽ അത്ര ലാഭകരമായിരുന്നില്ല. വരുമാനക്കുറവ് വന്നതോടെ പല ഘട്ടങ്ങളിലായി എട്ടോളം പേർ ഒഴിവായി. 2010 ൽ 12 പേരുടെ ഒറ്റ ക്ലസ്റ്ററായി ഇത് മാറ്റിയതോടെ പ്രവർത്തനത്തിൽ കാര്യമായ മാറ്റം സംഭവിച്ചു. ഉൽപാദനം വർധിച്ചതോടെ ക്രമേണ ലാഭത്തിലായി.
ഭരണിക്കാവ് ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകൾക്കും കായംകുളം നഗരസഭയുടെ പകുതി വാർഡുകൾക്കുമാണ് ഇവർ പൂരക പോഷകാഹാരം വിതരണം ചെയ്യുന്നത്. കോവിഡ് വരെ പ്രതിമാസം 13,000 കിലോഗ്രാമാണ് ഉൽപാദിപ്പിച്ചിരുന്നത്. കോവിഡിന് ശേഷം അംഗൻവാടികളിൽ കുട്ടികളുടെ കുറവ് സംഭവിച്ചതോടെ ഉൽപാദനത്തിൽ 3,000 കിലോയുടെ ഇടിവ് സംഭവിച്ചിരുന്നു. കുട്ടികൾ വീണ്ടും വന്നുതുടങ്ങിയതോടെ ഇപ്പോൾ നേരിയ വർധനയുണ്ടാകുന്നുണ്ട്.
പൂരക പോഷകാഹാരം കൂടാതെ മുതുകുളം ബ്ലോക്കിന് ഗർഭിണികൾക്കായി 650 കിലോ തെറാപ്പി ഫുഡും തയാറാക്കി നൽകുന്നു. അമൃതം പൊടി ഒരു കിലോ 73.50 രൂപ നിരക്കിലാണ് വനിത ശിശു വികസന വകുപ്പിന് ഇവർ നൽകുന്നത്. ഇതിൽ 3.50 രൂപ ജി.എസ്.ടിയാണ്.
ഗോതമ്പ് മാത്രം സബ്സിഡി നിരക്കിൽ സർക്കാർ നൽകുന്നു. മറ്റ് അസംസ്കൃത വസ്തുക്കളായ കപ്പലണ്ടി, സോയാബിൻ, പഞ്ചസാര, എള്ള്, പച്ചരി, ഉഴുന്ന്, ചെറുപയർ, കടലപ്പരിപ്പ് എന്നിവക്ക് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം ലാഭത്തെ സാരമായി ബാധിക്കുന്നുണ്ട്. ഉൽപാദന വർധനവിലൂടെ ലാഭവിഹിതം ഉയർത്താനുള്ള ശ്രമത്തിലാണ് ഇവർ. നിലവിൽ എട്ട് ലക്ഷേത്താളം രൂപയാണ് പ്രതിമാസ വിറ്റുവരവ്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രവർത്തിച്ചിരുന്ന ഗംഗോത്രി, ശ്രേയസ്, പ്രതീക്ഷ, അനുഗ്രഹ എന്നീ അയൽക്കൂട്ടങ്ങളിൽ പ്രവർത്തിച്ചിരുന്നവരാണ് ഇന്ന് സ്നേഹയുടെ പേരിൽ ഒറ്റ യൂനിറ്റായി മാറിയത്. കറ്റാനം വാർഡിലെ സുധയാണ് ലീഡർ. ഇതേ വാർഡിലെ മോഹിനിയാണ് ഡെപ്യൂട്ടി ലീഡർ.
സ്ഥാപനം നിലകൊള്ളുന്ന ഇലിപ്പക്കുളം വാർഡുകളിൽനിന്ന് അമ്പിളി, ദീപ്തി, രാജി, രഹ്ന, സി. ഉഷ എന്നിവരും കറ്റാനം വാർഡുകളിൽനിന്ന് ഗീതാ എം. കുറുപ്പ്, ഉഷ സുരേഷ്, ശ്രീജ എന്നിവരും പള്ളിക്കൽ വാർഡിൽനിന്ന് മഞ്ജുവും, ശ്രീലേഖയുമാണ് ഇതിൽ പ്രവർത്തിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലും സ്ഥാപനത്തിൽനിന്നും പോകാതെ ഇവിടെ തന്നെ പിടിച്ചുനിന്നതിലൂടെ 12 കുടുംബങ്ങൾക്ക് അല്ലലില്ലാതെ ജീവിക്കാൻ കഴിയുന്നുവെന്നതാണ് നേട്ടമെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. പഞ്ചായത്ത്, സി.ഡി.എസ്, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ് തുടങ്ങിയവയുടെ പിന്തുണയാണ് പ്രവർത്തന വഴിയിലെ വിജയത്തിന് കാരണമെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.