കണ്ണൂരിലേക്ക് കാടിറങ്ങി 'വനസുന്ദരി'
text_fieldsകണ്ണൂര്‍: പിണറായി സര്‍ക്കാറിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം മെഗാ മേള കണ്ടുനടന്ന് ക്ഷീണിച്ചെങ്കില്‍ പവിലിയന്റെ തൊട്ടുപിന്നിലായി ഒരുക്കിയ ഫുഡ് കോര്‍ട്ടില്‍ കയറാം. വനസുന്ദരിയാണ് കുടുംബശ്രീ ഫുഡ് കോര്‍ട്ടിലെ താരം. അട്ടപ്പാടി 'ഷോലെ പെരുമെ' ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് ഇത് തയാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും പാലക്കിലയും മല്ലിയും പൊതിനയും കാട്ടുജീരകവും ചിലപച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് കല്ലില്‍ വെച്ച് പൊള്ളിച്ച് ചതച്ചെടുത്താല്‍ വനസുന്ദരി റെഡി. അട്ടപ്പാടി ഊരുകളില്‍ കൃഷിചെയ്യുന്ന കോഴി ജീരകമാണ് വനസുന്ദരി ചിക്കന്റെ പ്രധാന രുചിക്കൂട്ട്. പച്ചനിറത്തില്‍ തീന്മേശയിലേക്ക് എത്തുന്ന വനസുന്ദരി ചിക്കന്‍ വിഭവം അട്ടപ്പാടി ആദിവാസി ഊരുകളിലെ തനത് വിഭവമാണ്. മസാലപ്പൊടികള്‍ ഒന്നും ചേര്‍ക്കാതെ തയാറാക്കുന്ന ഈ വിഭവം ആരോഗ്യദായകമാണെന്ന് ഇവര്‍ പറയുന്നു.
ഒരുപ്ലേറ്റിന് 120 രൂപയാണ് വില. റസ്റ്റാറന്റുകളില്‍ ലഭ്യമല്ലാത്ത വനസുന്ദരിക്ക് തിരക്കേറുകയാണ്. 8000 ചതുരശ്ര അടിയിലുള്ള ഫുഡ് കോര്‍ട്ടില്‍ കുടുംബശ്രീയെ കൂടാതെ ഫിഷറീസ് സാഫ്, കെ.ടി.ഡി.സി, മില്‍മ, കേരള ദിനേശ് തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.