ഭക്ഷണം പാർസലാണോ ലേബലില്ലെങ്കിൽ കുടുങ്ങും
text_fieldsകൊല്ലം: ഭക്ഷ്യവിൽപന സ്ഥാപനങ്ങൾ ഭക്ഷണ പാർസലുകൾ നൽകുമ്പോൾ സമയവിവരം ഉൾപ്പെടുന്ന ലേബൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ സൂക്ഷിച്ചോളൂ, നടപടി വരുന്നുണ്ട്. ഭക്ഷണം തയാറാക്കിയ ദിവസവും സമയവും, രണ്ട് മണിക്കൂർ സമയത്തിനകം കഴിക്കണം എന്നിങ്ങനെ വിവരങ്ങൾ ഭക്ഷണപാർസലിൽ ഉൾപ്പെടുത്തണം എന്ന കഴിഞ്ഞ ജനുവരിയിൽ ഇറക്കിയ ഉത്തരവിൽ പിടിമുറുക്കാൻ ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷവകുപ്പ്.
ഈ ഉത്തരവ് ഇറങ്ങിയ ആദ്യനാളുകളിൽ പല സ്ഥാപനങ്ങളും ലേബൽ വെച്ചാണ് ഭക്ഷണം പാർസലായി നൽകിയിരുന്നത്. ആ സമയത്ത് ഭക്ഷ്യസുരക്ഷവകുപ്പ് പരിശോധനകളും നടത്തിയിരുന്നു. വീഴ്ച കണ്ടെത്തിയവർക്ക് നോട്ടീസ് നൽകുന്നതും പിഴ ഈടാക്കുന്നതുമായിരുന്നു അന്നത്തെ നടപടി. എന്നാൽ, മാസങ്ങൾ കഴിഞ്ഞതോടെ ലേബലുകൾ അപ്രത്യക്ഷമായി. നടപടിയുമില്ലാതായി.
എന്നാൽ, ഇനിയങ്ങനെ ആകില്ലെന്ന ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ഭക്ഷ്യസുരക്ഷവകുപ്പ്. ഈ വിഷയത്തിലുള്ള പൊതുതാൽപര്യഹരജിയിൽ ലേബൽ ഉറപ്പാക്കാൻ കർശന നടപടി വേണമെന്ന് ഹൈകോടതി പരാമർശം കൂടി വന്നതോടെയാണ് വകുപ്പ് വീണ്ടും നടപടി ഊർജിതമാക്കുന്നത്. സമയലേബൽ ഇല്ലാതെ ഇനി പാർസൽ വിൽക്കാൻ അനുവദിക്കില്ല.
ലേബൽ എന്ന് ഉറപ്പാക്കാൻ വരുംദിനങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇനി നോട്ടീസിലും പിഴയിലും നടപടി ഒതുങ്ങില്ല. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ച് കേസ് എടുക്കുമെന്നും അധികൃതർ പറയുന്നു. നിർദേശം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഉടൻ സ്പെഷൽ ഡ്രൈവ് പരിശോധനകൾ ഭക്ഷ്യസുരക്ഷവകുപ്പ് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.