കന്യാകുമാരി ‘മട്ടി’ പഴത്തിന് ജി.ഐ ടാഗ്
text_fieldsനാഗർകോവിൽ: കന്യാകുമാരി അഗസ്തീശ്വരം, തോവാള, തിരുവട്ടാർ താലൂക്കുകളിൽ നന്നായി വളരുന്ന മട്ടി വാഴപ്പഴത്തിന് ജി.ഐ ടാഗ് ലഭിച്ചു. ജില്ലയിൽ വീയ്യന്നൂർ കല്ലുകെട്ടി വിളയിൽ പ്രവർത്തിക്കുന്ന കന്യാകുമാരി ബനാന ആൻഡ് ഹോർട്ടികൾചർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡാണ് മട്ടിപ്പഴത്തിന് ജി.ഐ ടാഗിനുവേണ്ടി അപേക്ഷിച്ചത്. സർക്കാർ അഭിഭാഷകനും ജി.ഐ ടാഗ് നോഡൽ ഓഫിസറുമായ പി. സഞ്ജയ് ഗാന്ധി മുഖേനയാണ് അപേക്ഷ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
പശ്ചിമഘട്ടത്തിലെ പ്രത്യേക കാലാവസ്ഥയും രണ്ട് സീസണുകളിലായി ലഭിക്കുന്ന മഴയും ചുവന്ന മണ്ണും മറ്റുമാണ് മട്ടി വാഴ ഈ പ്രദേശങ്ങളിൽ വളരാൻ പ്രധാന കാരണം.
പത്ത് അടിയോളം പൊക്കംവെക്കുന്ന വാഴയുടെ വളർച്ച കാലാവധി 12 മുതൽ 15 മാസമാണ്. ഇളം മഞ്ഞ കലർന്ന പച്ചനിറമാണ് വാഴയിലക്കുള്ളത്. ഒരു കുലക്ക് ശരാശരി 12 മുതൽ 19 കിലോവരെ ഭാരമുണ്ടാകും. ഒമ്പത് മുതൽ പത്ത് പടല കായ്കളും ലഭിക്കും. മട്ടിയുടെ പ്രത്യേകത കായ് പഴുത്തു കഴിഞ്ഞാലാണ്. പഴം ഇരിക്കുന്ന പ്രദേശം മുഴുവനും സുഗന്ധം പരത്തും. പുളിപ്പില്ലാത്ത ഈ പഴം ആറ് മാസം പ്രായമായ കുഞ്ഞുങ്ങൾ തൊട്ട് കിടപ്പിലായ വയോധികർക്കുവരെ നൽകാവുന്നതാണ്. ആരോഗ്യഗുണവും രോഗപ്രതിരോധ ശക്തിയും പ്രത്യേക രുചിയുമുള്ളതിനാൽ എത്ര പഴം കഴിച്ചാലും മതിവരാത്ത ഒരു പഴം കൂടിയാണ് മട്ടി.
മട്ടിയിൽതന്നെ മലമട്ടി, ചെമ്മട്ടി (ചുമന്ന മട്ടി), തേൻമട്ടി എന്നു തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. പാകമായാൽ മഞ്ഞ നിറമാണ് ഉള്ളത്. ഒരു കിലോക്ക് 60 മുതൽ 120 രൂപവരെ വിലവരും. ജി.ഐ ടാഗ് ലഭിച്ചതോടെ മട്ടിപ്പഴത്തിന്റെ പ്രശസ്തി മറ്റ് പ്രദേശങ്ങളിലും വ്യാപിപ്പിക്കാൻ കഴിയുമെന്ന സന്തോഷത്തിലാണ് കർഷകർ. നേരത്തേ കന്യാകുമാരി ജില്ലയിലുള്ള ഗ്രാമ്പിനും ഈത്താമൊഴി തെങ്ങിനും ജി.ഐ ടാഗ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.