നല്ല ഭക്ഷണം ഉറപ്പാക്കും; ഹോട്ടലുകളെ ‘ആപ്പി’ ലാക്കാൻ തൃക്കാക്കര നഗരസഭ
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായമറിയിക്കാൻ മൊബൈൽ ആപ്പുമായി നഗരസഭ. കാക്കനാട് ലേ ഹയാത്ത് ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം സ്വദേശിയായ യുവാവ് മരിക്കുകയും നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തതിനെ തുടർന്നുമാണ് പുതിയ നടപടി.
കൊച്ചി ഇൻഫോ പാർക്കിലെ ടെക്കികളാണ് നഗരസഭക്ക് വേണ്ടി ആപ് തയാറാക്കുന്നത്. നഗരസഭ ലൈസൻസ് പ്രകാരം 198 ഹോട്ടലാണുള്ളത്. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെപ്പറ്റി പൊതുജനങ്ങൾക്ക് ആപ് വഴി വിവരങ്ങൾ കൈമാറാൻ കഴിയും. ആവശ്യമെങ്കിൽ ഹോട്ടലിന്റെയും ഭക്ഷണത്തിന്റെയും ഫോട്ടോയും അപ്ലോഡ് ചെയ്യാം.
ജില്ലതലത്തിലും നഗരസഭയിലും ഉള്ള ആരോഗ്യ വിഭാഗം മേധാവികൾക്ക് ഈ വിവരങ്ങൾ ലഭിക്കും. ഹോട്ടലുകൾക്കെതിരെ നടപടിയെടുത്താൽ അക്കാര്യവും ആപ്പിലൂടെ അറിയാനാകും. ഒരു പരാതിയും ലഭിക്കുന്നില്ലെങ്കിലും നഗരസഭ പരിധിയിലെ എല്ലാ ഹോട്ടലുകളിലും ആഴ്ചയിലൊരിക്കൽ ആരോഗ്യ വിഭാഗം പരിശോധന നടത്തും. ഹോട്ടലുകളെ മേഖലകളായി തിരിച്ചു ഓരോ മേഖലകളുടെയും ചുമതല പ്രത്യേകം ഉദ്യോഗസ്ഥൾക്ക് നൽകും.
ഇവർക്കായിരിക്കും ആഴ്ചതോറുമുള്ള പരിശോധനയുടെ ചുമതല. ഇവർ ഇതു നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ഹോട്ടലുകളിലും ബീറ്റ് രജിസ്റ്റർ വെക്കും. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥൻ ഈ രജിസ്റ്ററിൽ ഒപ്പുവെക്കണം. ഹോട്ടലുകളിൽ വെക്കുന്ന ബീറ്റ് രജിസ്റ്റർ പൊതുജനങ്ങൾക്കും പരിശോധിക്കാം.
ആപ് സംവിധാനം ഒരു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.