വരൂ, മുന്തിരിത്തോപ്പുകളിൽ പോയി രാപ്പാർക്കാം
text_fieldsമസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ മുന്തിരിക്കാലം ആരംഭിച്ചു. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് സുൽത്താനേറ്റിലെ മുന്തിരി സീസൺ. വടക്കൻ ശർഖിയ്യ ഗവർണറേറ്റിലെ മുദൈബി വിലായത്തിലെ അൽ റൗദ ഗ്രാമത്തിലാണ് ഏറ്റവും കൂടുതൽ മുന്തിരി വളരുന്നതും വാണിജ്യാടിസ്ഥാനത്തിൽ വിൽപന നടത്തുന്നതും.
റുസ്താഖ് വിലായത്തിലെ വക്കാൻ ഗ്രാമത്തിലും മുന്തിരിവള്ളികൾ തഴച്ചുവളരുന്നുണ്ട്. വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഖാബൂറ, സുവൈഖ്, സഹം, സുഹാർ എന്നിവിടങ്ങളിലും മുന്തിരിത്തോട്ടങ്ങളുണ്ട്. മൊത്തം 26 ഏക്കറിലധികം തോട്ടങ്ങളിലാണ് ഒമാനിൽ മുന്തിരി കൃഷി ചെയ്യുന്നത്. വടക്കൻ ശർഖിയ്യ, ദഖിലിയ്യ, ബാത്തിന, ദോഫാർ എന്നീ ഗവർണറേറ്റുകളിലാണ് മുന്തിരി കൃഷി ചെയ്തുവരുന്നത്.
വേനൽകാലത്ത് വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് മുന്തിരിത്തോട്ടങ്ങൾ. കനത്ത ചൂട് കാരണം മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തിരക്കൊഴിഞ്ഞുകിടക്കുമ്പോൾ മുദൈബിയിലെ അൽ റൗദ, റുസ്താഖിലെ വക്കാൻ എന്നീ ഗ്രാമങ്ങളിൽ ധാരാളം പേരാണ് മുന്തിരിത്തോട്ടങ്ങൾ സന്ദർശിക്കാനെത്തുന്നത്. ചുവപ്പിലും കറുപ്പിലും ഇളം പച്ചനിറത്തിലും തൂങ്ങിയാടുന്ന മുന്തിരിക്കുലകൾ കാണാൻ നിരവധി പേർ എത്താറുണ്ട്.
കനത്ത ചൂടുകാലത്തും തണുപ്പ് കാലാവസ്ഥയാണ് വക്കാൻ ഗ്രാമത്തിൽ അനുഭവപ്പെടുന്നത്. വക്കാൻ വില്ലേജിലേക്കുള്ള യാത്ര ഏറെ ദുർഘടമാണ്. 1100 മീറ്ററോളം വരുന്ന കല്ലും മണ്ണും നിറഞ്ഞ മലനിരകൾ താണ്ടിയും 700ലധികം പടവുകൾ കയറിയുമാണ് സന്ദർശകർ മുന്തിരിത്തോട്ടങ്ങളിലെത്തുന്നത്. ഇവിടെ മുന്തിരിത്തോട്ടങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തോട്ടങ്ങളിൽനിന്ന് പറിച്ചെടുക്കുന്ന മധുരമേറിയ മുന്തിരി വാങ്ങാനും സാധിക്കും.
ഒമാനിൽ 24 ഇനം മുന്തിരികളാണുള്ളത്. മുന്തിരിക്കൃഷിക്ക് പരമ്പരാഗത ജലസേചന പദ്ധതിയായ ഫലജുകളിലെയും കിണറുകളിലെയും വെള്ളമാണ് ഉപയോഗിക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മുന്തിരിത്തൈകൾ വളർത്തുന്നത്. പിന്നീട് ഇത് തോട്ടങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. തോട്ടങ്ങളിൽ വരിയായാണ് മുന്തിരിത്തൈകൾ വളർത്തുന്നത്. രണ്ട് തൈകൾക്കിടയിൽ മൂന്നു മീറ്റർ അകലമുണ്ടായിരിക്കും. ഒമാനിൽ ഏറ്റവും കൂടുതൽ മുന്തിരി ഉൽപാദിപ്പിക്കുന്നത് മുദൈബി വിലായത്തിലെ അൽ റൗദയിലാണ്. എട്ട് ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്.
ഇവിടെനിന്ന് മാത്രം 60 ടൺ മുന്തിരിയാണ് ഉൽപാദിപ്പിക്കുന്നത്. ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗവും ഇതാണ്. ഇവ കൃഷിയിടത്തുനിന്നുതന്നെ വിൽപന നടത്താറുണ്ട്. കൂടാതെ മുദൈബി മാർക്കറ്റിലും ഒമാനിലെ മറ്റ് ഭാഗങ്ങളിലേക്കും മുന്തിരി എത്തിക്കുന്നുണ്ട്.
മുന്തിരിക്കൃഷി വ്യാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും കാർഷിക മന്ത്രാലയം വൻ പിന്തുണയാണ് കൃഷിക്കാർക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.