കേൾവിയും സംസാരശേഷിയുമില്ലാത്ത ദമ്പതികളുടെ പാനിപൂരി കച്ചവടം -വിഡിയോ വൈറൽ
text_fieldsകേൾവിയും സംസാര ശേഷിയുമില്ലാത്ത ദമ്പതികൾ പാനിപൂരി സ്റ്റാൾ നടത്തുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മഹാരാഷ്ട്രയിലെ നാസിക്കിൽ അഡ്ഗാവ് നാകയിലെ ജാത്ര ഹോട്ടലിന് സമീപമാണ് ദമ്പതികൾ സ്റ്റാൾ നടത്തുന്നത്.
ആംഗ്യഭാഷയിലൂടെ ഉപഭോക്താക്കളുമായി ദമ്പതികൾ ആശയവിനിമയം നടത്തുന്നതിന്‍റെ വിഡിയോ ഒരു ഫുഡ് വ്ലോഗറാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. പൂരി ഉൾപ്പെടെ വീട്ടിൽ തയാറാക്കിയ രുചികരമായ വിഭവങ്ങളാണ് ഇവർ ഉപഭോക്താക്കൾക്ക് നൽകുന്നത്.
'ഇത് നിങ്ങളുടെ ഹൃദയം ഉരുക്കുകയും നിങ്ങളെ ചിരിപ്പിക്കുകയും ചെയ്യും. വൈകല്യങ്ങൾ മറികടന്നാണ് ബധിരരും മൂകരുമായ ദമ്പതികൾ നാസിക്കിൽ ഒരു ചെറിയ പാനിപൂരി സ്റ്റാൾ നടത്തുന്നത്. അവർ വിളമ്പുന്നതെല്ലാം വീട്ടിൽ ഉണ്ടാക്കിയതാണ്, പൂരികൾ പോലും.
ഭക്ഷണം വിളമ്പുമ്പോൾ അവർ ശുചിത്വം പാലിക്കുന്നത് എനിക്കേറെ ഇഷ്ടമായി. എത്രമാത്രം സ്വാധീനം ചെലുത്തുന്ന ഈ ദമ്പതികളെ നമ്മുടെ തലമുറ പിന്തുടരേണ്ടതും പഠിക്കേണ്ടതുമാണ്- ഫുഡ് ബ്ലോഗർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നെറ്റിസൺമാരുടെ ഹൃദയം കവർന്ന വിഡിയോ നാല് ലക്ഷത്തിലധികം ലൈക്കുകൾ നേടി ഇൻസ്റ്റഗ്രാമിൽ വൈറലായി കഴിഞ്ഞു.'ബഹുമാനിക്കൂ! പ്രചോദിപ്പിക്കുന്ന ദമ്പതികൾ', 'അവർക്ക് കൂടുതൽ ശക്തി ലഭിക്കട്ടെ', 'അഭിനിവേശത്തിന് ഭാഷയില്ല', 'ദൈവം അവരെ അനുഗ്രഹിക്കട്ടെ' തുടങ്ങിയ കമന്‍റുകൾ കൊണ്ട് നിറയുകയാണ് പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.