തൃശൂർ ജില്ലയിൽ ശുചിത്വ റേറ്റിങ് ലഭിച്ചത് 156 ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക്
text_fieldsതൃശൂർ: ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി നൽകുന്ന ശുചിത്വ റേറ്റിങ്ങിന്റെ (ഹൈജിൻ റേറ്റിങ്) ഭാഗമായി ജില്ലയിൽ ഓഡിറ്റ് നടത്തി റേറ്റിങ് ലഭിച്ചത് 156 സ്ഥാപനങ്ങൾക്ക്. ഇതിൽ ഫൈവ് സ്റ്റാർ ലഭിച്ചത് 22 എണ്ണത്തിന്. കൂടുതൽ മെച്ചപ്പെടുത്താൻ നിർദേശിച്ച് ഏഴ് സ്ഥാപനങ്ങൾക്ക് രണ്ട് സ്റ്റാർ നൽകി.
രണ്ട് വർഷമാണ് റേറ്റിങ് സർട്ടിഫിക്കറ്റിന്റെ കാലാവധി. കൂടുതൽ ഹോട്ടലുകൾ ശുചിത്വ റേറ്റിങ്ങ് നടത്താനുള്ള നടപടികൾ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. റേറ്റിങ്ങിൽ ജില്ല പിറകിലാണ്. സംസ്ഥാനത്താകെ 1810 സ്ഥാപനങ്ങൾക്കാണ് റേറ്റിങ് ലഭിച്ചത്.
നാല് ലക്ഷത്തോളം ഭക്ഷണ വിതരണ സ്ഥാപനങ്ങളുള്ളിടത്താണിത്. ജില്ലയിൽ മൂവായിരത്തിലേറെയുണ്ട്. പ്രധാന സംഘടനയായ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷനിൽ 50,000ലേറെ അംഗങ്ങളുണ്ട്. ഓഡിറ്റിങ്ങിനായി 34 അംഗീകൃത ഏജൻസികളെയാണ് ചുമതലപ്പെടുത്തിയത്.
ഭക്ഷണ ശാലയിലെ ശുചിത്വം, ജീവനക്കാരുടെ ആരോഗ്യം, കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണമേന്മ തുടങ്ങി വിവിധഘടകങ്ങൾ വിലയിരുത്തിയാണ് റേറ്റിങ് നൽകുന്നത്. രണ്ട് വർഷം കഴിഞ്ഞാൽ വീണ്ടും ഓഡിറ്റ് നടത്തി ശുചിത്വം ഉറപ്പാക്കണം.
ഭക്ഷ്യസുരക്ഷ വിഭാഗം ലൈസൻസ്, ഫുഡ് സേഫ്റ്റി ഡിസ്പേ ബോർഡ്, ജലപരിശോധന റിപ്പോർട്ട്, ഭക്ഷണ സാമ്പിൾ ടെസ്റ്റ് റിപ്പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഉപഭോക്തൃ പരാതി ലോഗ് ബുക്ക്, പരിശീലന രേഖകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റേറ്റിങ്ങിന് സ്ഥാപനത്തെ പരിഗണിക്കുന്നത്. 81 മുതൽ 100വരെ സ്കോർ ലഭിക്കുന്നവർക്കാണ് അഞ്ച് സ്മൈലികൾ നൽകുന്നത്.
റേറ്റിങ് ലഭിച്ച സ്ഥാപനങ്ങളുടെ പട്ടിക ‘ഈറ്റ് റൈറ്റ് ഇന്ത്യ’വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഈറ്റ് റൈറ്റ് ആപ്പിലൂടെയും റേറ്റിങ് ലഭിച്ച ഹോട്ടലുകളുടെ ഗുണനിലവാരം അറിയാം. ഇത് ഉപഭോക്താക്കൾക്ക് പ്രദേശത്തെ ഹോട്ടലുകളുടെ ഗുണനിലവാരം അറിയാൻ ഉപകാരപ്രദമാണ്. അതേസമയം, ഓഡിറ്റ് നടത്താനുള്ള ഏജൻസികളുടെ സേവനലഭ്യത കുറവ് റേറ്റിങ് നടത്തുന്നതിനെ ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.