വിശക്കുന്നവർക്ക് മനസ്സറിഞ്ഞ് ഭക്ഷണം വിളമ്പി ജലജ
text_fieldsഇരവിപുരം: വിശപ്പിന്റെ വിളിക്കുമുന്നിൽ ജലജയുടെ കണ്ണും കാതും എപ്പോഴും തുറന്നിരിക്കും. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നാണ് പ്രമാണമെങ്കിലും ഈ വീട്ടമ്മയുടെ കൈപ്പുണ്യം നിരവധി പേരുടെ വിശപ്പാണ് അകറ്റുന്നത്. ‘വിശന്നിട്ടുള്ളവനേ വിശപ്പിന്റെ വിലയറിയൂ’ -വിശന്നുവലഞ്ഞ തന്റെ കുട്ടിക്കാലത്തെ ഓർമകൾ പ്രചോദനമായെടുക്കുകയാണ് ഈ വീട്ടമ്മ.
കൊല്ലം-ചെങ്കോട്ട റോഡിൽ കല്ലുംതാഴം ബൈപാസ് ജങ്ഷനിലുള്ള ആൽമരത്തിനടുത്ത് വ്യാഴം, ഞായർ ഒഴികെ ദിവസങ്ങളിൽ ഉച്ചക്ക് ഭക്ഷണവുമായെത്തുന്ന ഇവർ നിരവധി പേർക്കാണ് ‘അതിജീവനം’ എന്ന തട്ടിൽ സൗജന്യമായി ഉച്ചയൂണ് നൽകുന്നത്. വീട്ടിലേക്ക് ചോറും കറികളും പൊതിഞ്ഞും നൽകും.
പാൽകുളങ്ങര മണ്ണാനയ്യത്ത് കിഴക്കതിൽനിന്ന് ഉണ്ണിക്കണ്ണൻ ഹൗസിൽ താമസിക്കുന്ന ജലജ അതിരാവിലെ കല്ലുംതാഴത്ത് എത്തും. അവിടെയുള്ള ക്ഷേത്രത്തിന് പിറകിലെ വീട്ടുകാർ അനുവദിച്ച സ്ഥലത്താണ് പാകം ചെയ്യുന്നത്.
ചോറിനൊടൊപ്പം രണ്ടുകൂട്ടംകറികളും രണ്ട് തരം അച്ചാറുകളും തോരനും രസവുമൊക്കെയുണ്ടാകും. ഇവരുടെ സേവനം കണ്ടറിഞ്ഞ ഒരു ഓട്ടോ ഡ്രൈവറാണ് തന്റെ വണ്ടിയിൽ അടുക്കളയിൽനിന്ന് ഭക്ഷണം വിതരണസ്ഥലത്തെത്തിക്കുന്നത്. മകളുടെയും രണ്ട് ആൺമക്കളുടെയും സഹായവും പിന്തുണയും ജലജക്ക് കരുത്തായുണ്ട്.
ഓച്ചിറയിലായിരുന്നു ജലജയുടെ കുട്ടിക്കാലം. അംഗപരിമിതയായിരുന്നു മാതാവ്. പിതാവിന് ഓച്ചിറ ക്ഷേത്രമൈതാനത്ത് പെട്ടിക്കടയുണ്ടായിരുന്നു. വിശപ്പും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ബാല്യകാലം. അന്ന് ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തിരുന്ന തന്റെ ബാല്യകാലം മറ്റാർക്കും ഉണ്ടാകരുതെന്ന ചിന്തയിൽ പിന്നീട് ഓച്ചിറയിൽതന്നെ പന്ത്രണ്ട് വിളക്ക് നാളുകളിൽ സൗജന്യ ഭക്ഷണവിതരണം തുടങ്ങി. അത് ഇന്നും തുടരുന്നു. അതോടൊപ്പമാണ് ദിവസവും ഭക്ഷണവിതരണം നടത്തണമെന്ന ആഗ്രഹത്തോടെ കല്ലുംതാഴത്ത് ഈ 56കാരി ഭക്ഷണവിതരണം തുടങ്ങിയത്.
തയ്യൽ, തൊഴിലുറപ്പ് തൊഴിലിൽനിന്ന് ലഭിക്കുന്ന വരുമാനവും ബന്ധുക്കളും മക്കളും അവരുടെ സ്നേഹിതരും നൽകുന്ന സഹായവുമാണ് ഭക്ഷണവിതരണത്തിന് പച്ചക്കറിയും അരിയും വാങ്ങാൻ ഉപയോഗിക്കുന്നത്. വയർ നിറയും വരെ, മതിയെന്നു പറയും വരെ ജലജ ഭക്ഷണം നൽകും. ക്ഷേത്രത്തിൽ പതിവായി എത്താറുള്ള വയോധിക ഭക്ഷണം വിളമ്പാൻ സഹായിയായുണ്ട്. രുചിയേറിയ ഭക്ഷണം കഴിച്ച് വിശപ്പടക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. തന്നെപ്പോലെ മറ്റുള്ളവരും സേവനസന്നദ്ധരാകണമെന്ന് ജലജ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.