ഇല്ലിക്കൽകല്ലിലേക്ക് വരൂ... പ്രകൃതിയെ അറിയാം, വിഭവങ്ങൾ രുചിക്കാം
text_fieldsകോട്ടയം: പ്രകൃതി സൗന്ദര്യം നുകരുന്നതിനൊപ്പം പ്രകൃതിദത്ത വിഭവങ്ങൾ വാങ്ങുന്നതിനും കാണുന്നതിനും ഇല്ലിക്കൽകല്ലിൽ അവസരം. മൂന്നിലവ് പഞ്ചായത്തിലെ പരമ്പരാഗത ഗോത്രവിഭാഗങ്ങൾ നിർമിക്കുന്ന കുട്ടയും മുറവും പായകളും, ഔഷധഗുണമുള്ള വെള്ള, മഞ്ഞ കൂവപ്പൊടികൾ, ചെറുതേൻ, വൻതേൻ, പുൽച്ചൂലുകൾ, ചിരട്ടയിൽ ഉണ്ടാക്കിയെടുക്കുന്ന വിവിധതരം കരകൗശല വസ്തുക്കൾ, ഈരാറ്റുപേട്ട ബ്ലോക്കിലെ വിവിധ കുടുംബശ്രീ യൂനിറ്റുകളിൽനിന്നുള്ള ഉൽപന്നങ്ങളായ വെളിച്ചെണ്ണ, വിനാഗിരി, അച്ചാറുകൾ, കറിപ്പൊടികൾ, കുടകൾ, പലഹാരങ്ങൾ, മൂന്നിലവ് പഞ്ചായത്തിലെ തന്നെ വിവിധ യൂനിറ്റുകൾ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, കാച്ചിൽ, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കപ്പ എന്നിങ്ങനെയുള്ള വിഭവങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ കല്ലിൽ കുടുംബശ്രീ ട്രേഡ് ഫെയറിൽ ഒരുക്കിയിട്ടുള്ളത്.
കുടുംബശ്രീ ജില്ല മിഷൻ, മൂന്നിലവ് സി.ഡി.എസ്, മൂന്നിലവ് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് അഞ്ചുദിവസത്തെ ഉൽപന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിലെ 30 ഗോത്രവർഗ കുടുംബശ്രീ യൂനിറ്റുകളിൽനിന്നുള്ള ഉൽപന്നങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ വിവിധ കുടുംബശ്രീ യൂനിറ്റുകളിൽ നിന്നുള്ള ഉൽപന്നങ്ങളുമാണ് പ്രദർശന വിപണന മേളയിലുള്ളത്.
അവധി ദിവസങ്ങളും അനുകൂല കാലാവസ്ഥയുമായതിനാൽ ഇല്ലിക്കൽകല്ലിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രദർശന വിപണന മേളയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും വിപണനം നടക്കുന്നുണ്ടെന്നും മൂന്നിലവ് കുടുംബശ്രീ ചെയർപേഴ്സൻ വിജയമ്മ ദാമോദരൻ പറഞ്ഞു. രാവിലെ എട്ടുമുതൽ വൈകീട്ട് 6.30വരെയാണ് മേള. ട്രേഡ് ഫെയർ അഞ്ചിന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.