കുടുംബശ്രീ തുറക്കുന്നു പ്രീമിയം കഫേ
text_fieldsആലപ്പുഴ: വിപുലമായ സൗകര്യവും ഗുണമേന്മയും ഉറപ്പാക്കി കുടുംബശ്രീ പ്രീമിയം കഫേ തുറക്കുന്നു. കുറഞ്ഞത് 50 പേർക്ക് ഭക്ഷണം കഴിക്കാൻ ശീതീകരിച്ച സൗകര്യമുണ്ടാകും. രാത്രി വൈകിയും പ്രവർത്തനം ഉണ്ടാകുമെന്നതാണ് പ്രത്യേകത. ആദ്യഘട്ടത്തിൽ ജില്ലയിൽ ഒരോന്ന് വീതമാകും തുറക്കുക. കുടുംബശ്രീ സംരംഭകരുടെ ഭക്ഷണശാലകൾ, കാന്റീനുകൾ, കാറ്ററിങ് സർവിസുകൾ, പിങ്ക് കഫേ, ജനകീയ ഹോട്ടലുകൾ എന്നിവക്ക് പുറമെയാണ് പുതിയ ബ്രാൻഡ്. വിവിധ ജില്ലകളിൽ സ്ഥലം കണ്ടെത്തുന്നതടക്കമുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.
കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, സഹായസംഘങ്ങൾ എന്നിവക്ക് അപേക്ഷിക്കാം. ഒരു യൂനിറ്റിന് 20 ലക്ഷംവരെ ധനസഹായം കിട്ടും. അഞ്ചു ലക്ഷം ബ്രാൻഡിങ്ങിനായും അനുവദിക്കും. സ്ഥലവും സൗകര്യവും പരിഗണിച്ചാകും തുക കണക്കാക്കുക.
നിലവിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾ പ്രീമിയം കഫേയാക്കി വിപുലീകരിക്കാനും ധനസഹായം കിട്ടും. സംരംഭകർക്ക് മെച്ചപ്പെട്ട വരുമാനം നൽകുന്നതിന് അത്യാധുനിക സൗകര്യത്തോടെ ഭക്ഷണശാല ഒരുക്കുകയാണ് ലക്ഷ്യം. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന പാതയോരങ്ങൾ എന്നിവിടങ്ങളിലാണ് അനുവദിക്കുക. കുറഞ്ഞത് 18 മണിക്കൂറെങ്കിലും പ്രവർത്തിക്കും.
പ്രവർത്തനം രണ്ട് ഷിഫ്റ്റിൽ
അംഗങ്ങൾ രണ്ട് ഷിഫ്റ്റായായി പ്രവർത്തിക്കണം. രാത്രി 12വരെ പ്രവർത്തിക്കാൻ കഴിയുന്നതാകണം. സ്ഥലം, കെട്ടിടം എന്നിവ കണക്കാക്കിയാണ് തുക തീരുമാനിക്കുക. നിലവിലെ യൂനിറ്റുകൾ അപ്ഗ്രേഡ് ചെയ്യാൻ 10 ലക്ഷവും അനുവദിക്കും. തെരഞ്ഞെടുക്കുന്നവർക്ക് വിവിധതലങ്ങളിൽ ഏജൻസിയെ കണ്ടെത്തി പരിശീലനം നൽകും. ശുചിത്വമുള്ള അന്തരീക്ഷമാണ് പ്രധാനം. പ്രത്യേക വിഭവങ്ങൾ ഉണ്ടായിരിക്കണം. വയോജനങ്ങൾ, അംഗപരിമിതർ, കുട്ടികൾ എന്നിവർക്ക് പ്രത്യേക സൗകര്യം വേണം. പാർക്കിങ് സൗകര്യവും വേണമെന്നാണ് നിബന്ധന.
പ്രത്യേകതകൾ
- ഭക്ഷണശാലയിൽ കുറഞ്ഞത്
- 50,000 രൂപയുടെ വിറ്റുവരവുണ്ടാക്കണം.
- വൃത്തിയും ശുചിത്വവുമുള്ള അന്തരീക്ഷം,
- ശൗചാലയ സംവിധാനം,
- അന്താരാഷ്ട്ര നിലവാരത്തിൽ ശീതീകരണം
- ബില്ലിങ്, ഭക്ഷണം ഓർഡർ,
- പണം അടക്കൽ എന്നിവക്കായി
- പ്രത്യേക സോഫ്റ്റ്വെയർ
- ടേക് എവേ കൗണ്ടറുകൾ, കാത്തിരിപ്പ് കേന്ദ്രം എന്നിവയുണ്ടാകണം.
- കുടുംബശ്രീ ഉൽപന്നങ്ങൾ
- വിപണനം നടത്താനുള്ള സംവിധാനം
- (നാനോ മാർക്കറ്റ്), ലൈബ്രറി
- എന്നിവയുണ്ടാകും
- ജീവനക്കാർക്ക് യൂനിഫോം, ഐ.ഡി കാർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.