കുടുംബശ്രീ ബജിക്കട എഴുപുന്നയിലെ രുചിക്കടയായി
text_fieldsഅരൂർ: എഴുപുന്ന നീണ്ടകരയിൽ ത്രീസ്റ്റാർ ബജിക്കട എന്നപേരിൽ ഒരു ലഘുഭക്ഷണശാലയുണ്ട്. ഒരു വർഷം മുമ്പ് മൂന്നുപേർ ചേർന്ന് തുടങ്ങിയ സംരംഭമായതിനാൽ ത്രീസ്റ്റാർ. ഇപ്പോൾ ഒരാൾ കൂടിയായി. അതുകൊണ്ട് ഫോർസ്റ്റാർ എന്ന് പേര് മാറ്റാൻ തീരുമാനിച്ചു.
എഴുപുന്ന ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ വിവിധ കുടുംബശ്രീയിൽപെട്ട കമ്പിവേലിക്കകത്ത് റീന ജോസി, നാലുകണ്ടത്തിൽ സിന്ധു ജോയ്, പുത്തൻകരിച്ചിറയിൽ വിനിത ഷാജി, കൊച്ചുതറയിൽ നിഷ സുനീഷ് എന്നിവരാണ് ബജിക്കട നടത്തിപ്പുകാർ. മൂന്നാൾ വീതം ദിനേന കടയിലുണ്ടാകും. ഒരാൾ വീതം ഒരോ ദിവസവും അവധിയായിരിക്കും. ഞായറാഴ്ചയും കട തുറന്നു പ്രവർത്തിക്കും.
വെളിച്ചെണ്ണയിലുള്ള പൊരിപ്പലഹാരങ്ങളാണ് ബജിക്കടയുടെ പ്രത്യേകത. കുറച്ചുനാൾകൊണ്ട് തന്നെ ഗ്രാമവാസികളുടെ വിശ്വാസം ആർജിക്കാൻ കടക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ വീടുകളിലേക്ക് പലഹാരങ്ങൾ വാങ്ങാൻ തിരക്കാണ് ഇവിടെ.മുട്ടബജി, മുളകുബജി, കോളിഫ്ലവർ ബജി, സവാള ബജി, പഴംപൊരി, കിഴങ്ങുബോണ്ട, പരിപ്പുവട തുടങ്ങിയവയും ചൂടോടെ വിറ്റുപോകുന്നു.
ഒപ്പം ചായയും. രാവിലെ 10 മുതൽ വൈകീട്ട് എട്ടുവരെയാണ് പ്രവർത്തന സമയം. പഴയ പെട്ടിക്കട വാങ്ങിയാണ് കട തുടങ്ങിയത്. കുറച്ചുകൂടി സൗകര്യപ്പെടുത്തിയാൽ കൂടുതൽ കച്ചവടം ഉണ്ടാകുമെന്നാണ് കച്ചവടക്കാരായ വനിതകൾ പറയുന്നത്. മഴയായാൽ കച്ചവടം ദുഷ്കരമാകും. കടയിൽ കയറിനിൽക്കാൻ ഇടമില്ലാത്തതാണ് കാരണം. പഞ്ചായത്ത് അധികൃതർ ബജിക്കട വിപുലപ്പെടുത്താൻ വേണ്ട സഹായം ചെയ്തു തരണമെന്ന് തന്നെയാണ് സംരംഭകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.