ഒരു കുട്ടനാടൻ ‘രുചിപ്പെരുമ’
text_fieldsആലപ്പുഴ: കൈനകരിയിലെ പച്ചപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള ഒറ്റയടിപ്പാത നീളുന്നത് രുചിയുടെ കലവറയിലേക്കാണ്. പാടത്തിന് ഒത്ത നടുവിലുള്ള വീട്ടിലെ അടുപ്പിൽനിന്ന് അച്ചാറിന്റെ രുചിക്കൂട്ട് മൂത്തു തുടങ്ങുമ്പോൾ അതിന്റെ ഗന്ധം വേമ്പനാട്ടിനപ്പുറം കടലും കടന്ന് പറക്കും. അതാണ് കൈനകരി പഞ്ചായത്ത് പത്താംവാർഡ് കൊച്ചുചാറ്റുത്തറ സിജിയുടെ (43) അച്ചാറുകളുടെ പ്രത്യേകത. ഉൾനാടൻ കുട്ടനാടിന്റെ പരിമിതികളൊക്കെയും സിജിയുടെ രുചിക്കൂട്ടിന് മുന്നിൽ വഴിമാറി.
വാഹനങ്ങൾ കടന്നുവരില്ലാത്ത പാടശേഖരങ്ങൾക്ക് നടുവിലുള്ള സിജിയുടെ വീട്ടിലേക്ക് രുചിയുടെ അച്ചാർ കൂട്ടുകൾ തേടിയെത്തുന്നവർ അനവധിയാണ്. അങ്ങനെയായിരുന്നു ‘കുട്ടനാടൻ റിയൽ പിക്കിൾസ്’ എന്ന സംരംഭം പിറവിയെടുത്തത്. ഗ്രാമീണവീടുകളിലും കടകളിലും കുട്ടനാട്ടിലെ ഹൗസ് ബോട്ടുകളിലും മാത്രമല്ല, സിജിയുടെ അച്ചാർ കടൽകടന്ന് ഗൾഫിലടക്കം പറന്നുയരുന്നു.
2022 ജനുവരിയിൽ കുടുംബശ്രീവഴിയാണ് സംരംഭം തുടങ്ങിയത്. ആലപ്പുഴ വഴിച്ചേരി മാർക്കറ്റ്, നെടുമുടി, കൈനകരി, മങ്കൊമ്പ് അടക്കമുളള പ്രദേശങ്ങളിലെ 40ൽഅധികം കടകളിൽ സ്ഥിരമായി നൽകുന്നുണ്ട്.
അമിതലാഭം പ്രതീക്ഷിക്കാതെ നല്ലസാധനം ആളുകൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് സിജി ‘മാധ്യമ’ത്തോട് പറഞ്ഞു. വീട്ടുജോലികഴിഞ്ഞുള്ള ഒഴിവുസമയങ്ങളിലാണ് നിർമാണവും വിൽപനയും. മക്കളുടെ സഹായത്താലാണ് ലേബലിങ്ങും പാക്കിങ്ങും. ആഴ്ചയിൽ മൂന്നുദിവസം സ്കൂട്ടറിൽ നാടുചുറ്റിയാണ് കച്ചവടം. വീട്ടുജോലിയെല്ലാം കഴിഞ്ഞ് രാവിലെ 11ന് വീടുവിട്ടിറങ്ങും. മക്കൾ സ്കൂൾവിട്ട് തിരിച്ചുവരുമ്പോൾ വീട്ടിലുണ്ടാകുന്നവിധമാണ് വിൽപന.
ബോർമയിട്ട് ഉൽപന്നങ്ങൾ കൂട്ടി വിപണനം വിപുലീകരിക്കാൻ ആലോചനയുണ്ട്. സുരേഷ് (ഖത്തർ) ആണ് ഭർത്താവ്. ചമ്പക്കുളം ഫാ. തോമസ് പോരൂർക്കര സെൻട്രൽ സ്കൂളിലെ വിദ്യാർഥികളായ കാശിനാഥൻ (പത്താംക്ലാസ്) കൈലാസ് നാഥ് (എട്ട്) എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.