ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന് അല്‍ദഫ്റ റീജ്യനില്‍ ഇന്നു തുടക്കം
text_fieldsഅബൂദബി: പത്തൊമ്പതാമത് ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന് അല്‍ദഫ്റ റീജ്യനില്‍ ഇന്ന് തുടക്കമാവും. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആൽ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഈത്തപ്പഴമേള അരങ്ങേറുന്നത്. യു.എ.ഇയിലെ ഈത്തപ്പഴ വിളവെടുപ്പ് കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മേള നടത്തിവരുന്നത്.
സുസ്ഥിര കാര്‍ഷികരീതികളും പൈതൃക സംരക്ഷണവും പ്രോത്സാഹിപ്പിക്കണമെന്ന പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്‍ദേശങ്ങളുടെ പ്രതിഫലനംകൂടിയാവും ഇത്തവണത്തെ ലിവ ഈത്തപ്പഴ ഫെസ്റ്റിവല്‍. ഈന്തപ്പനകളുടെ സവിശേഷ സ്ഥാനവും ഇമാറാത്തി പൈതൃകവും കണക്കിലെടുത്ത് കാര്‍ഷികമേഖലയുടെ വികസനത്തിനായി അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് തുടങ്ങിവെച്ച ഫെസ്റ്റിവല്‍ കഴിഞ്ഞുപോയ കാലങ്ങളിലെല്ലാം ജൈത്രയാത്ര തുടരുകയാണെന്ന് അബൂദബി പൈതൃക ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാനായ അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഫാരിസ് ഖലാഫ് അല്‍ മസ്റൂയി പറഞ്ഞു.
കാർഷിക സംസ്കാരം വളര്‍ത്തിയെടുക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, സുസ്ഥിര കാര്‍ഷിക ഉൽപാദനം നടത്തുക എന്നിവയും ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങളാണ്. ഫെസ്റ്റിവല്‍ വിജയകരമാക്കുന്നതിന് നിരന്തരം നിര്‍ദേശങ്ങള്‍ നല്കുന്ന അല്‍ദഫ്റ റീജ്യനിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ്യാന് അല്‍ മസ്റൂയി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.