മദീന ഹെറിറ്റേജ് കമ്പനി; അജ്വ ഈത്തപ്പഴ വ്യവസായ വളർച്ചക്കായി പുതിയ സംരംഭം
text_fieldsറിയാദ്: മദീനയുടെ പ്രത്യേക കാർഷികോൽപന്നമായ അജ്വ ഈത്തപ്പഴത്തിന്റെ ഉൽപാദനവും ഗുണനിലവാരവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സൗദി പൊതുനിക്ഷേപ നിധി (പി.ഐ.എഫ്) പുതിയ കമ്പനി പ്രഖ്യാപിച്ചു. മദീന ഹെറിറ്റേജ് കമ്പനി (എം.എച്ച്.സി) എന്നാണ് പുതിയ സംരംഭത്തിന്റെ പേര്.
‘വിഷൻ 2030’ന് അനുസൃതമായി സൗദിയുടെ ഭക്ഷ്യ-കാർഷിക വ്യവസായത്തെ കൂടുതൽ വികസിപ്പിക്കുന്നതിനും സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിനും കമ്പനിയുടെ രൂപവത്കരണം സഹായിക്കും.
ഉയർന്ന പോഷകമൂല്യവും ആരോഗ്യപരമായ ഗുണങ്ങളുമുള്ള അജ്വ നാരുകൾ, പ്രോട്ടീനും ആന്റിഓക്സിഡന്റുകളും അടങ്ങിയ ലോകത്തിലെ തന്നെ മുന്തിയ ഇനം ഈത്തപ്പഴമാണ്. അജ്വ ഈത്തപ്പഴത്തിന് മുസ്ലിം ലോകത്ത് മതപരവും സാംസ്കാരികവുമായ മൂല്യമുണ്ട്. മദീനയിലെത്തുന്ന ഹജ്ജ്, ഉംറ തീർഥാടകരും സന്ദർശകരും പൊതുവെ അജ്വ ഈത്തപ്പഴം വാങ്ങാതെ മടങ്ങാറില്ല.
അജ്വ ഈത്തപ്പഴത്തിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം, വർധിച്ചുവരുന്ന ആഗോള ആവശ്യം നിറവേറ്റുന്നതിലും മദീന ഹെറിറ്റേജ് കമ്പനി ശ്രദ്ധയൂന്നും. പ്രാദേശികമായും അന്തർദേശീയമായും അജ്വ ഈത്തപ്പഴത്തിന്റെയും ഗുണനിലവാരമുള്ള മറ്റ് ഈത്തപ്പഴങ്ങളുടെയും വിതരണ ശൃംഖല വളർത്തുന്നതിനും വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.
അത്യാധുനിക കാർഷിക സാങ്കേതിക വിദ്യകൾ സ്വീകരിച്ചുകൊണ്ട് മദീന മേഖലയിലെ സുസ്ഥിര കൃഷിയുടെ വിപുലമായ വികസനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് പി.ഐ.എഫിന് കീഴിലുള്ള ‘മീന’ ഇൻവെസ്റ്റ്മെൻറ് വിഭാഗത്തിലെ കൺസ്യൂമർ ഗുഡ്സ് ആൻഡ് റീട്ടെയിൽ മേധാവി മജീദ് അൽ അസ്സാഫ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വിശിഷ്ടമായ ഈത്തപ്പഴത്തിന്റെ കൃഷിക്കാരും കയറ്റുമതിക്കാരും മാത്രമല്ല ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലും സൗദി അറേബ്യ മുൻപന്തിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.