നോമ്പുതുറക്ക് രുചിക്കൂട്ടായി മലബാർ വിഭവങ്ങൾ
text_fieldsചെങ്ങന്നൂർ: റമദാനിലെ വ്രതത്തിനൊപ്പം നോമ്പുതുറക്കും പ്രത്യേകതയുണ്ട്. ഇതിൽ മലബാർ രുചിഭേദങ്ങൾ നിറക്കുന്ന വ്യത്യസ്ത വിഭവങ്ങൾക്കാണ് പ്രിയം. നേരത്തേ വീടുകളിലാണ് ഇത്തരം വിഭവങ്ങൾ തയാറാക്കിയിരുന്നെങ്കിൽ ഇപ്പോൾ ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ ഓർഡർ നൽകി കടയിൽനിന്ന് വാങ്ങുകയാണ് പതിവ്. ഇതിൽ മുന്നിട്ടുനിൽക്കുന്നത് മലബാർ രുചിപ്പെരുമയും പേരുമുള്ള വിഭവങ്ങൾ തന്നെയാണ്.
മാന്നാർ മാർക്കറ്റ് ജങ്ഷനുസമീപത്തെ എ.ജെ കാറ്ററിങ്ങിൽ മലബാറിന്‍റെ പാരമ്പര്യരുചിയുള്ള റമദാൻ വിഭവങ്ങളാണ് കൂടുതലായും വിപണനം നടത്തുന്നത്. എൻ.ജെ. ഷമീർ, നിസാമുദ്ദീൻ, ഷാഹുൽഹമീദ്, റഫീഖ് കുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് രുചിക്കൂട്ട് ഒരുക്കുന്ന പാചകം.
രാവിലെ ഓർഡർ കിട്ടുന്നതനുസരിച്ചാണ് കൂടുതൽ വിഭവങ്ങൾ തയാറാക്കുന്നത്. വൈകീട്ട് നാല് മുതൽ വിഭവങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്കാണ്. ഉന്നക്കായ, കിളിക്കൂട്, കായപ്പോള, കട്ലറ്റ്, സമൂസ, മീറ്റ്റോൾ എന്നിവയാണ് പ്രധാനവിഭവങ്ങൾ. മലബാർ സ്പെഷൽ വിഭവങ്ങളായ ഉന്നക്കായയും കിളിക്കൂടിനും കായപ്പോളക്കുമാണ് കൂടുതൽ പ്രിയമെന്ന് എ.ജെ കാറ്ററിങ് ഉടമയും മാന്നാർ പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറിയുമായ നവാസ് ജലാൽ പറഞ്ഞു.
കണ്ടാൽ ഒരു കിളിക്കൂട് പോലെയിരിക്കുന്ന കിളിക്കൂടിനാണ് ആവശ്യക്കാർ ഏറെ. നാടൻ വിഭവങ്ങളായ ഉഴുന്നുവട, ഉള്ളിവട, പഴംപൊരി എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.