‘സ്നേഹം വിളമ്പി’കുടുംബശ്രീ
text_fieldsമലപ്പുറം: ജീവനക്കാർക്കും പൊതുജനങ്ങൾക്കും ‘സ്നേഹം വിളമ്പി’സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ കാന്റീൻ മൂന്നു വർഷം പിന്നിടുന്നു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള 30 കുടുംബശ്രീ വനിതകളാണ് മലപ്പുറം സിവിൽ സ്റ്റേഷനുള്ളിലെ കാന്റീനിൽ ജോലി ചെയ്ത് ജീവിതം ഊട്ടിയുറപ്പിക്കുന്നത്. കുടുംബശ്രീയുടെ സാമ്പത്തിക ശാക്തീകരണത്തിനും സ്വയം തൊഴിലിനുമുള്ള ഉത്തമ ഉദാഹരണമാണ് ഈ സംരംഭം.
പ്രതിദിനം ഒരാൾക്ക് 500 രൂപ മുതൽ വേതനം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ സംരംഭം 30 കുടുംബങ്ങളുടെ അത്താണിയാണിന്ന്.ഇവരിൽ പലർക്കും ഇതിൽ നിന്നുള്ള വരുമാനം മാത്രമാണ് ജീവിതം മാർഗം. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഓഫിസുകളിലുള്ള ജീവനക്കാർ, സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ പല ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾ ഉൾപ്പെടെയുള്ള ആയിരത്തോളം ആളുകളാണ് ദിനംപ്രതി ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നത്.
പുറത്തുനിന്നും മറ്റ് ഓഫിസുകളിൽ നിന്നുമുള്ള ഓർഡറുകളും ഇവർക്ക് കിട്ടുന്നുണ്ട്. ഉച്ചയൂണിന് പുറമെ ചായയും വ്യത്യസ്ത തരത്തിലുള്ള പലഹാരങ്ങളും ഇവിടെനിന്ന് ലഭിക്കുകയും അതുപോലെ ദിവസവും രാവിലെയും വൈകുന്നേരവും എല്ലാ ഓഫിസുകളിലും ചായയും പലഹാരവും എത്തിക്കുകയും ചെയ്യുന്നുണ്ട്. സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് ചായക്ക് ആറ് രൂപ, സ്നാക്സിന് ആറ് രൂപ, ഊണിന് 25 രൂപ എന്നിങ്ങനെയും പൊതു ജനങ്ങൾക്ക് 40 രൂപയുമാണ് ഊണിന് ഈടാക്കുന്നത്. ബിരിയാണിക്ക് 100 രൂപ. രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെയാണ് കാന്റീൻ പ്രവർത്തിക്കുന്നത്.
കോവിഡ് കാലത്ത് ആരും വന്നില്ല; കുടുംബശ്രീ ഏറ്റെടുത്തു
കോവിഡ് കാലത്ത് ഹോട്ടലുകളും കാൻറീനുകളും പൂട്ടിക്കിടന്ന സമയത്ത് ആരും ഏറ്റെടുക്കാനില്ലാത്ത സാഹചര്യത്തിലാണ് 2020 മേയിൽ കുടുംബശ്രീ ഈ സംരംഭംഏറ്റെടുക്കുന്നത്. പിന്നീട് പുതിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മുമ്പത്തേക്കാൾ കൂടുതൽ വൃത്തിയും ആകർഷകവുമാക്കി. നിലവിൽ കലക്ടർ തന്നെ താൽപ്പര്യമെടുത്ത് നാലാം വർഷത്തേക്കുള്ള കരാർ പുതുക്കി നൽകിയിട്ടുണ്ട്.
എന്നിരുന്നാലും ചില നിക്ഷിപ്ത താൽപ്പര്യക്കാരിൽ നിന്നും വരുന്ന നിരന്തരമായ എതിർപ്പുകളും അനാവശ്യമായ കുറ്റപ്പെടുത്തലുകളും പലപ്പോഴും നേരിടേണ്ടി വരുന്നത് ആത്മ വീര്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. എല്ലാ പ്രായസങ്ങളും അതിജീവിച്ച് സ്ഥാപനം നന്നായി മുന്നോട്ട് പോവുകയാണ് ലക്ഷ്യമെന്നും ഇവർ ഒറ്റക്കെട്ടോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.