തമിഴ്നാട്ടിൽ മലബാർ വിഭവങ്ങൾ ഒരുക്കി മലയാളി റെസ്റ്റോറന്‍റ്
text_fields‘ഡേ ടു ഡേ’ റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ
നാവിൽ രുചിയൂറും മലബാർ വിഭവങ്ങളുമായി തമിഴ്നാട്ടിൽ മലയാളികൾ നടത്തുന്ന റെസ്റ്റോറന്‍റ് തമിഴർക്കും ഇതര സംസ്ഥാനക്കാർക്കും പ്രിയങ്കരമാകുന്നു. വിദേശികളായ വിദ്യാർഥികളും ഇവിടുത്തെ ഉപഭോക്താക്കളാണ്. ചെറുകഥാകൃത്തും ദുബൈയിൽ ഹോട്ടൽ ബിസിനസ് നടത്തുന്നയാളുമായ റഫീഖ് മേമുണ്ടയാണ് 'ഡേ ടു ഡേ' റെസ്റ്റോറന്‍റ് എന്ന സ്ഥാപനത്തിന്‍റെ ഉടമ. വെല്ലൂർ (വേലൂർ) ആരണി റോഡിൽ ബാഗായം ജങ്ഷനു സമീപം രണ്ട് വർഷമായി ഭക്ഷണശാല തുടങ്ങിയിട്ട്.
മലബാർ ബിരിയാണി, കേരള പൊറോട്ട, കേരള രുചിയിൽ മീൻകറി, മീൻ പൊള്ളിച്ചത്, ചിക്കൻ, കുമരകം ഫിഷ്, കുമരകം ചെമ്മീൻ റോസ്റ്റ്, ചിക്കൻ ഫ്രൈ, മട്ടൻ കറി, കേരള ഊണ്, അറബിക്, ഇൻഡ്യൻ, ചൈനീസ്, തന്തൂരി ഇനങ്ങളായ അൽഫഹാം, മലായി ടിക്ക, ബാർബിക്യു ഫിഷ്, തന്തൂരി ചിക്കൻ, ബാർബിക്യു ചിക്കൻ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മെനു.
വേലൂർ, തിരുപ്പതി, ബംഗളുരു പോണ്ടിച്ചേരി, തിരുവണ്ണാമലൈ എന്നിവിടങ്ങളിലേക്കും തിരിച്ചു നാട്ടിലേക്കും യാത്ര ചെയ്യുന്ന മലയാളികൾ ഇവിടെ കയറി ഭക്ഷണം കഴിക്കാറുണ്ട്. ഒരിക്കൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർ അടുത്ത യാത്രയിലും 'ഡേ ടു ഡേ'യിൽ കയറാൻ മറക്കാറില്ലെന്ന് സ്ഥാപനത്തിന്‍റെ മാനേജിങ് പാർട്ണർമാരായ ലത്തീഫ് കായക്കൂ ൽ, കുറ്റിയാടി സലീഖ് അഹമ്മദ്, കുറ്റിയാടി അഫ്സൽ വില്യപ്പള്ളി എന്നിവർ 'മാധ്യമ'ത്തോടു പറഞ്ഞു.
തുടക്കത്തിലേ വിജയമായിരുന്നു. ''കോളജിൽ അഡ്മിഷൻ കിട്ടിയപ്പോൾ തമിഴ്നാട് ഭക്ഷണം ഞങ്ങൾക്കു പിടിച്ചില്ല. കേരള ഭക്ഷണം മിസിങ് ആയപ്പോഴാണ് 'ഡേ ടു ഡേ'യെ കുറിച്ച് അറിഞ്ഞത്. ഇപ്പോൾ ഞങ്ങൾ ഇവിടെ സ്ഥിരം കസ്റ്റമേഴ്‌സാണ്. ഞങ്ങളെ പോലെ ഒരു പാട് മലയാളി വിദ്യാർഥികൾക്ക് അനുഗ്രഹമാണിത്.''- വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ (സി.എം.സി) കോളജിൽ എം.എസ്.സി മെഡിക്കൽ ഫിസിക്സ് വിദ്യാർഥികളായ അടിമാലി സ്വദേശി വിസ്മയയും തൃശൂർ സ്വദേശി ജോയ്സും പറഞ്ഞു.
വെല്ലൂരിൽ വന്ന് റെസ്റ്റോറന്‍റ് തുടങ്ങാനുള്ള സാഹചര്യം എന്താണെന്ന് ചോദിച്ചാൽ തികച്ചും യാദൃശ്ചികമാണെന്നാണ് വടകര പാലപ്പൊയിൽ റഫീഖ് മേമുണ്ടയുടെ മറുപടി. അദ്ദേഹത്തിന്‍റെ മകൻ സി.എ അവസാന വർഷ വിദ്യാർഥി തൗഫീഖ് അസ് ലം 2018 നവംബറിൽ നാട്ടിൽ വാഹനാപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാന ആശുപത്രിയിൽ നിന്ന് ആറ് കി.മീ. അകലെയുള്ള ബാഗായം സി.എം.സി റിഹാബിലിറ്റേഷൻ സെന്‍ററിൽ മകനുമായി എട്ടു മാസം ചികിത്സാർഥം കഴിയേണ്ടതായി വന്നു.
സരത്തിൽ കേരളത്തിന്‍റെ തനതു രുചിയുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടായെങ്കിലും അതിന് സാധിച്ചില്ല. സി.എം.സിയിലെ വിവിധ ഡിപ്പാർട്ട്മെന്‍റ് ആശുപത്രികളിലും കോളജുകളിലും മലയാളികളായ ഡോക്ടർമാരും വിദ്യാർഥികളും രോഗികളും ഏറെയുണ്ടെന്ന് മനസിലാക്കിയ റഫീക്ക്, മകന്‍റ് ചികിത്സക്കു ശേഷം നാട്ടിലെത്തുകയും വെല്ലൂരിൽ മലയാളി തനിമയുള്ള ഭക്ഷണശാലയുടെ സാധ്യത കണ്ട് 2019 ഡിസംബറിൽ ബാഗായത്ത് റെസ്റ്റോറന്‍റ് തുടങ്ങുകയുമായിരുന്നു. ജീവനക്കാരിൽ എട്ടു പേരിൽ അഞ്ചും മലയാളികളാണ്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.