വിദേശികൾക്കും പ്രിയമായി മലയാളി ‘എണ്ണക്കടികൾ’
text_fieldsദോഹ: നാട്ടിലായാലും മറുനാട്ടിലായാലും എണ്ണക്കടികളാണ് മലയാളിയുടെ പലഹാരങ്ങളിൽ മുഖ്യം. അത് നോമ്പായാലും പെരുന്നാളായാലും മറ്റെന്ത് ആഘോഷമായാലും. പ്രവാസത്തിലെ നോമ്പുതുറയിലുമുണ്ട് എണ്ണപ്പലഹാരങ്ങൾക്ക് മുൻനിരയിൽ സ്ഥാനം. റമദാൻ അവസാന പത്തിലേക്ക് അടുക്കുമ്പോൾ നോമ്പുതുറ വിഭവങ്ങളിൽ മുൻനിരയിലാണ് എരിവും മധുരവുമായി പല തരത്തിലുള്ള പലഹാരങ്ങൾ. റമദാൻ ഒന്നു മുതൽതന്നെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിലും കഫ്റ്റീരിയകളിലും റസ്റ്റാറന്റിലുമായി ഇത്തരം വിഭവങ്ങളുടെ വിൽപന തകൃതിയാണ്. മലയാളികളുടെ ഇഷ്ടവിഭവമെന്ന നിലയിലാണ് പ്രശസ്തമെങ്കിലും ഇതര രാജ്യക്കാർ ഏറെ ആവശ്യക്കാരായുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഇറാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക ഉൾപ്പെടെ വിവിധ രാജ്യക്കാരായ പ്രവാസികൾ ഇത്തരം പലഹാരങ്ങൾക്കായി തിരക്കുകൂട്ടുന്നതാണ് റമദാനിലെ പ്രധാന കാഴ്ചകളിലൊന്ന്. ഇവർക്ക് പുറമെ ഖത്തരികളും പതിവായി എണ്ണപ്പലഹാരങ്ങൾ വാങ്ങാനെത്തുന്നുവെന്ന് നജ്മയിലെ സെഞ്ച്വറി ഹോട്ടൽ മാനേജർ ഇല്യാസ് മട്ടന്നൂർ പറയുന്നു. സമൂസ, ഉന്നക്കായ മുതൽ ബൺ വിഭവങ്ങളാണ് ഇവർക്ക് പ്രിയങ്കരം. ദിവസവും പലഹാരങ്ങളും മറ്റുമായി 40ഓളം തരം വിഭവങ്ങളാണ് റമദാൻ സ്പെഷലായി തയാറാക്കുന്നത്. ഇവയുടെ വിൽപന ഉച്ചക്ക് 2.30ഓടെ ആരംഭിക്കും. രണ്ട്-രണ്ടര മണിക്കൂറിനുള്ളിൽതന്നെ ഇവയെല്ലാം വിറ്റഴിയുകയും ചെയ്യും -ഇല്യാസ് പറഞ്ഞു.
എല്ലാ രാജ്യക്കാരും മിക്ക നോമ്പുതുറ വിഭവങ്ങളും രുചിച്ചുനോക്കുന്നുണ്ടെങ്കിലും താരം സമൂസതന്നെയാണ്. ചിക്കൻ, മട്ടൻ, ചീസ്, വെജിറ്റബിൾ സമൂസ തുടങ്ങി ഇത്തിരി വലുപ്പമുള്ള പഞ്ചാബി സമൂസ വരെ എങ്ങും അണിനിരക്കുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷ്യയിനമായ കട്ലറ്റും മലയാളികളുടെ സ്വന്തം കുഞ്ഞിപ്പത്തിരിയും ഇതര ദേശക്കാർക്ക് ഇഷ്ടവിഭവംതന്നെ.
മലയാളികളാണ് പ്രധാന ആവശ്യക്കാരെങ്കിലും അന്യരാജ്യക്കാരും ധാരാളമായി മലയാളികളുടെ സ്വാദ് ഇഷ്ടപ്പെടുന്നതായി ഐൻഖാലിദ് 51ലെ ഷായ് എക്സ്പ്രസ് ഉടമ തൃശൂർ സ്വദേശി റഷീദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സമൂസ, പക്കവട വിഭവങ്ങളാണ് ഖത്തരികളുടെ ഫേവറിറ്റ്. ചിക്കൻ, ചീസ്, വെജ് സമൂസകൾ വാങ്ങാനായി പതിവായി എത്തുന്നവരുണ്ട് -റഷീദ് പറഞ്ഞു. രാവിലെ 11നുതന്നെ വിഭവങ്ങൾ തയാറാക്കാൻ തുടങ്ങും. എങ്കിലേ, ഉച്ചകഴിഞ്ഞ് വിൽപന ആരംഭിക്കാൻ കഴിയൂ. നോമ്പുതുറക്കുന്നതിന് അരമണിക്കൂർ മുമ്പായി വിൽപന കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചിക്കൻറോൾ, ഇറച്ചിപ്പത്തിരി, കുഞ്ഞിപ്പത്തൽ, മീൻപത്തൽ, മുട്ടപ്പത്തൽ, ഇറച്ചിയട, ഇലയട, മധുരയട, മീനട, ചെമ്മീനട, ഉഴുന്നുവട, ഉള്ളിവട, പഴംപൊരി, പഴംനിറച്ചത്, ഉരുളക്കിഴങ്ങ്, മുളക് ബജി, കായ ബജി, പഴംപൊരി, ഉന്നക്കായ, നെയ്യപ്പം, വട്ടയപ്പം, കല്ലുമ്മക്കായ, സുഖിയൻ, മസാലബോണ്ട, സ്വീറ്റ് ബോണ്ട, പഴംനിറച്ചത്, വിവിധ തരം കട്ലറ്റുകൾ, ഇലാഞ്ചി, തരിക്കഞ്ഞി അങ്ങനെ വിഭവങ്ങൾ നീണ്ടുകിടക്കുമ്പോൾ പ്രവാസി നോമ്പുതുറ നാട്ടിലേതുപോലെതന്നെയായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.