മറയൂർ ശർക്കര കാനഡയിലേക്ക്
text_fieldsഇടുക്കി: മറയൂരിൽനിന്ന് കാനഡയിലെ ടോറന്റൊയിലേക്കുള്ള ജി.ഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ ആദ്യ കയറ്റുമതി അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) ആഭിമുഖ്യത്തിൽ നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കടൽ വഴിയുള്ള കയറ്റുമതി വെർച്വൽ ആയി ഫ്ലാഗ്ഓഫ് ചെയ്തു.
മറയൂരിലുള്ള അഞ്ചുനാട് കരിമ്പ് ഉൽപാദന വിപണന സംഘത്തിൽനിന്ന് നിലമേൽ എക്സ്പോർട്സ് ആണ് ശർക്കര കയറ്റുമതി ചെയ്യുന്നത്. കാനഡയിലെ ഇന്ത്യൻ ഹൈകമീഷണർ സഞ്ജയ് കുമാർ വർമ ഫ്ലാഗ്ഓഫ് ചെയ്തു. 2.3 ദശലക്ഷം ഇന്ത്യൻ പ്രവാസികളുള്ള കാനഡയിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള വിപണി സാധ്യതയെക്കുറിച്ച് സഞ്ജയ് കുമാർ വർമ വിശദീകരിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽനിന്ന് കാനഡയിലേക്കുള്ള ശർക്കര കയറ്റുമതി ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും എന്നാൽ, കാനഡയിലെ ശർക്കരയുടെ ആഗോള ഇറക്കുമതി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ പങ്ക് തുച്ഛമാണെന്നും അദ്ദേഹം പരാമർശിച്ചു.
ഇത്തരം സംരംഭങ്ങളിലൂടെ ഈ തോത് വർധിപ്പിക്കണമെന്ന് അദ്ദേഹം എ.പി.ഇ.ഡി.എയോട് ആവശ്യപ്പെട്ടു. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് 2021-22ൽ കേരളത്തിൽനിന്നുള്ള ശർക്കര പ്രധാനമായും കയറ്റുമതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.