ഒഴുകിയെത്തി ഭക്ഷണപ്രേമികൾ
text_fieldsമനാമ: ലുലു ദാനാ മാളിലേക്ക് വെള്ളിയാഴ്ച വൈകീട്ട് ഒഴുകിയെത്തിയ ഭക്ഷണപ്രേമികൾ 'മാസ്റ്റർ ഷെഫ്'പാചക മത്സരത്തെ പ്രവാസി മലയാളികൾ എത്രത്തോളം നെഞ്ചേറ്റിയെന്നതിന്റെ തെളിവായിരുന്നു. മത്സരവേദിക്ക് മുന്നിലും മത്സരാർഥികൾ വിഭവങ്ങൾ പ്രദർശിപ്പിച്ച ഭാഗത്തും തിങ്ങിനിറഞ്ഞ രുചി ആസ്വാദകരാണ് മത്സരത്തെ വൻ വിജയമാക്കിയത്.
വൈകീട്ട് മൂന്നര മുതൽതന്നെ മത്സരാർഥികൾ വേദിയിൽ എത്തിത്തുടങ്ങി. പ്രത്യേകം സജ്ജീകരിച്ച ടേബിളുകളിൽ 50 പേരും തങ്ങളുണ്ടാക്കിയ വിഭവങ്ങൾ പ്രദർശിപ്പിച്ചു. മത്സ്യംകൊണ്ടുള്ള പ്രധാന വിഭവത്തിനൊപ്പം സൈഡ് ഡിഷും മനോഹരമായി അലങ്കരിച്ചാണ് കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
ഷെഫ് സുരേഷ് പിള്ളക്കൊപ്പം ബഹ്റൈനിലെ പാചക വിദഗ്ധരായ യു.കെ. ബാലനും സുരേഷ് വി. നായരും വിധികർത്താക്കളായി എത്തിയപ്പോൾ മത്സരാർഥികൾക്ക് ആവേശമിരട്ടിച്ചു. ഓരോ മത്സരാർഥിയുടെയും അടുത്തെത്തി വിഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞും രുചിച്ചുമാണ് വിധിനിർണയം നടത്തിയത്. രണ്ട് മണിക്കൂറോളം സമയമെടുത്താണ് 'പാചക മാമാങ്കം'എന്ന ആദ്യ റൗണ്ടിലെ വിധിനിർണയം പൂർത്തിയായത്.
പിന്നീട് കാണികൾക്ക് വിഭവങ്ങൾ രുചിച്ച് നോക്കാനുള്ള അവസരമായിരുന്നു. ഒന്നിനൊന്ന് മെച്ചപ്പെട്ട മത്സ്യ വിഭവങ്ങളുടെ രുചി ഗംഭീരമായെന്ന് കാണികളുടെ മുഖഭാവം വിളിച്ചുപറയുന്നുണ്ടായിരുന്നു. മറ്റുള്ളവർ തങ്ങളുണ്ടാക്കിയ വിഭവങ്ങൾ ആസ്വദിക്കുന്നത് കണ്ടപ്പോൾ മത്സരാർഥികളുടെയും മനം നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.