തലമുറകൾ കൈമാറി കരിപ്പോട് മുറുക്ക്
text_fieldsപുതുനഗരം: ഓണത്തിന് നേന്ത്രൻ ചിപ്സ് പോലെത്തന്നെ പ്രധാന വിഭവമാണ് മുറുക്ക്. ഇതിൽ പ്രശസ്തിയേറിയതാണ് പുതുനഗരം റയിൽ നിർമിക്കുന്ന മുറുക്ക്. 300ലധികം വീടുകളിലാണ് ഇവിടെ അരിമുറുക്ക് ഉണ്ടാക്കുന്നത്. ഓണമടുത്താൽ ഓരോ വീടുകളിലും പുലർച്ച നാലിനുതന്നെ മുറുക്ക് നിര്‍മാണത്തിനുള്ള മാവ് അരച്ച് പണികൾ ആരംഭിക്കും.
രണ്ട് നൂറ്റാണ്ട് മുമ്പ് തമിഴ്നാട്ടിലെ സേലത്തിനുസമീപം കാങ്കയം, കരൂര്‍ തുടങ്ങിയ ദേശങ്ങളില്‍നിന്ന് കുടിയേറിയ റക്കാരുടെ മുറുക്ക് വിദേശങ്ങളിൽ വരെ ഇഷ്ടവിഭവമാണ്. നിരവധി കുടുംബങ്ങളിൽനിന്നുള്ള 600ലധികം പേർ മുറുക്ക് നിർമാണം ഉപജീവന മാര്‍ഗമാക്കിയ വലിയ ഗ്രാമമാണ് കരിപ്പോട്തറ.
ജില്ലയിൽ വിവിധയിടങ്ങളിൽ മുറുക്ക് നിര്‍മിക്കുന്നുണ്ടെങ്കിലും കരിപ്പോടിലെ മുറുക്കിന്റെ രുചിയാണ് പ്രശസ്തിക്ക് കാരണമെന്ന് അഞ്ച് പതിറ്റാണ്ടായി ഈ മേഖലയിലുള്ള തങ്കം പറയുന്നു. കലർപ്പില്ലാത്ത ചേരുവകളും വേറിട്ട പാചകരീതിയുമാണ് പ്രത്യേകത. കടലമാവ്, പൊരികടല മാവ്, അരിപ്പൊടി, ഉഴുന്നുമാവ് എന്നിവ ചേർത്താണ് മുറുക്ക് ഉണ്ടാക്കുന്നത്. സ്വാദിനായി എള്ളും ജീരകവും ചേര്‍ക്കും.
വറുത്തെടുക്കുന്നതിന് കടലെണ്ണയാണ് പ്രധാനം. പാകത്തിൽ അരച്ച മാവ് കൈവിരലുകള്‍കൊണ്ട് പിരിച്ച് വട്ടത്തില്‍ കോയിൻ പോലെ ഇടുന്നു. നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വരികൾ വരെയാണ് മുറുക്കിന്റെ വലിപ്പം. ശരാശരി ഒരാൾ ഒരുദിവസം 500 മുതല്‍ 1,000 മുറുക്കുകളാണ് ഉണ്ടാക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിൽ മുറുക്ക് കയറ്റി അയക്കുന്നവരുമുള്ള കരിപ്പോടിൽ വീടുകളിൽ നിർമിക്കുന്നവരാണ് കൂടുതൽ.
നിലവിലെ ഓണക്കാലത്ത് കൂടുതൽ ഓർഡർ ലഭിച്ചാൽ കടബാധ്യത കുറക്കാമെന്ന വിശ്വാസത്തിലാണ് ജീവിതം മുന്നോട്ടുനീങ്ങുന്നതെന്ന് കരിപ്പോട്തറയിലെ ഗോപാലകൃഷ്ണൻ-ലീല ദമ്പതികൾ പറയുന്നു. മുറുക്ക് മാത്രം ഉപജീവനമാക്കിയ കരിപ്പോട് വാസികൾക്കായി സർക്കാറിന്റെ ഭാഗത്തുനിന്ന് ക്ഷേമപദ്ധതികൾ ഉണ്ടാവണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.