അജ്മാനിന് പാര്‍ക്കിലെ പാതിരാ ചന്ത
text_fieldsപൊതു പാര്‍ക്കില്‍ നൈറ്റ് മാര്‍ക്കറ്റ് ഒരുക്കുകയാണ് അജ്മാന്. അജ്മാന് നഗരത്തില്‍ സ്ഥിതിചെയ്യുന്ന റാഷിദിയ പാര്‍ക്കിലാണ് രാത്രി ചന്ത ആരംഭിച്ചിരിക്കുന്നത്. ലേഡീസ് പാര്‍ക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പാര്‍ക്ക് ഇപ്പോള്‍ ഫാമിലി പാര്‍ക്കാക്കി മാറ്റിയിട്ടുണ്ട്. വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട് ഇവിടെ. പാര്‍ക്കിനോട് ചേര്‍ന്നാണ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ രാത്രി ചന്ത ആരംഭിച്ചിരിക്കുന്നത്. ഈ മാര്‍ക്കറ്റില്‍ ഒരു ദിവസം കൊണ്ട് സംരംഭകര്‍ക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. മാര്‍ക്കറ്റിനോട് അനുബന്ധിച്ച് നിരവധി സ്റ്റാളുകളും കണ്ടയ്നര്‍ ഷോപ്പുകളും ആരംഭിച്ചിട്ടുണ്ട്.
പാര്‍ക്കിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിനോദങ്ങള്‍ക്കൊപ്പം മാര്‍ക്കറ്റിലെ ഇഷ്ട വിഭവങ്ങള്‍ സ്വന്തമാക്കുന്നതിനും സൗകര്യമുണ്ട്. മാര്‍ക്കറ്റില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ട്രേഡ് ലൈസന്‍സോ ഫുഡ് ലൈസന്‍സോ എടുക്കേണ്ട ആവശ്യമില്ല എന്നത് ഏറെ അനുഗ്രഹമാണ്. പാര്‍ക്കില്‍ എത്തുന്ന കുടുംബങ്ങള്‍ക്ക് നിരവധി വിനോദോപാധികളാണ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇവിടെ പുതുതായി ഒരുക്കിയിരിക്കുന്നത്. അജ്മാന് റാഷിദിയ അല്‍ ബദർ സ്ട്രീറ്റിലുള്ള ഈ പാര്‍ക്കില്‍ ആരംഭിച്ച രാത്രികാല ചന്തക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വൈകുന്നേരം മൂന്ന് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റില്‍ നിലവില്‍ ജോലിയോ സ്ഥാപനമോ ഉള്ളവര്‍ക്കും ഇവിടെ സംരംഭങ്ങള്‍ ആരംഭിക്കാനും അതില്‍ ജോലി ചെയ്യാനും കഴിയുമെന്നത് ഏറെ ഉപകാരപ്രദമാണ്. റമദാനോട് അനുബന്ധിച്ച് രാത്രികാലങ്ങളില്‍ ഏറെ സജീവമാണ് ഈ ചന്ത. നഗരത്തോടനുബന്ധിച്ചുള്ള പാര്‍ക്ക് ആയതിനാല്‍ മലയാളികളടക്കമുള്ള നിരവധി കുടുംബങ്ങളുടെ വിനോദ കേന്ദ്രമാണ് അജ്മാനിലെ റാഷിദിയ പാര്‍ക്ക്. കുറഞ്ഞ മുതല്‍മുടക്കില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നതും സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണം കണ്ടെത്തുന്നതിനും അജ്മാന് നൈറ്റ് മാര്‍ക്കറ്റ് ഏറെ ഉപകാരപ്രദമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.