കഷ്ടപ്പെട്ട് വേണ്ട, ഇഷ്ടപ്പെട്ട് കഴിക്കാം
text_fieldsതൃശൂർ: പാണ്ടിസമൂഹമഠം ഹാളിൽ നടന്ന മില്ലറ്റ് മേളയിലെ ഭക്ഷണ വിഭവങ്ങൾ രുചിച്ചിറങ്ങുന്നവരുടെ ഒരേപോലുള്ള സാക്ഷ്യപ്പെടുത്തൽ ഒന്നുതന്നെ ‘അതീവ സ്വാദിഷ്ഠം’. ഇതിൽ തലമുറ വ്യത്യാസമൊന്നുമില്ല. വിദ്യാർഥി സമൂഹത്തിലെ പലരും ചെറുധാന്യങ്ങൾ കാണുന്നത് തന്നെ ആദ്യം. പഴയ തലമുറക്കാകട്ടെ ഓർമ പുതുക്കലായി മേള.
ആയുർവേദ ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിലെ റാക്കുകളിലേക്ക് ഒതുങ്ങിയ ചാമ, റാഗി, തിന, വരക്, കുതിരവാലി എന്നിവയെല്ലാം മേളയിൽ വിൽപനക്കുണ്ടായിരുന്നു. ആരോഗ്യദായകമായ ചെറുധാന്യങ്ങൾ മുമ്പൊക്കെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നെങ്കിൽ പുതുതലമുറ ഇതിൽ നിന്ന് വഴിമാറിയിരുന്നു. പുതിയ രുചി ഭേദങ്ങൾക്ക് അടിപ്പെട്ട ഇവർ പഴമക്കാരുടെ ആരോഗ്യദായകമായ ഭക്ഷണക്രമത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളോട് അകലം പാലിക്കുകയും ചെയ്തു.
ഭക്ഷണത്തിന്റെ സ്വാദിനായിരുന്നു ഇവരുടെ മുൻതൂക്കം. വീടുകളിൽ ഇതൊന്ന് പരീക്ഷിക്കാമെന്ന് ആരെങ്കിലും വിചാരിച്ചാൽ കുട്ടികൾ ഇത് കഷ്ടപ്പെട്ടാണ് കഴിച്ചെന്ന് വരുത്താറുള്ളത്. ഇതിന് പകരം എല്ലാവരും ഇഷ്ടപ്പെട്ട് കഴിക്കുന്ന രുചിഭേദങ്ങളിലേക്ക് ഇത് മാറണമെന്ന ആശയമായിരുന്നു തൃശൂരിലെ ഗ്രാഫിക്സ് എന്ന സംഘടന സംഘടിപ്പിച്ച മില്ലറ്റ് മേളയിലെ ഭക്ഷണങ്ങൾ. പ്രസീന കണ്ണനും ഫൗസിയ ആസാദുമാണ് മേളയിലെ ഭക്ഷണ വിഭവങ്ങളുടെ പ്രധാന സ്റ്റാളുകൾ ഒരുക്കിയത്.
ചാമയും റാഗിയും ഉപയോഗിച്ചുള്ള ദോശ, മസാല ദോശ, ഇഡലി, അട, ഉണ്ണിയപ്പം, പായസം, പഴങ്കഞ്ഞി എന്നിവയെല്ലാം ആസ്വദിച്ച് കഴിക്കാൻ നിരവധി പേരാണ് ഞായറാഴ്ച എത്തിയത്. രുചികരമായ കേക്കും കുക്കീസും മേളയിൽ ഉണ്ട്. കഴിച്ചു കഴിയുമ്പോൾ പലരും ഇത് ചെറുധാന്യങ്ങൾ കൊണ്ടാണോ ഉണ്ടാക്കിയതെന്ന് അത്ഭുതത്തോടെ ചോദിക്കുന്നുമുണ്ട്. അട്ടപ്പാടിയിൽനിന്നും കാന്തല്ലൂരിൽനിന്നും ശേഖരിച്ച ചെറുധാന്യങ്ങളാണ് ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ചത്. ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള നൂഡിൽസും കാന്തല്ലൂർ ഭൗമസൂചികയിൽ നിന്നുള്ള വെളുത്തുള്ളിയും ജൈവ ഉൽപന്നങ്ങളും തേനുമെല്ലാം മേളയിൽ വിൽപനക്കുണ്ടായിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽനിന്ന് രണ്ടുവീതം വിദ്യാർഥികൾ മേളയിൽ എത്തിയിരുന്നു. ചെറുധാന്യങ്ങളും ഇത് ഉപയോഗിച്ചുള്ള ഭക്ഷണ വിഭവങ്ങളും പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷനൽ സർവിസ് സ്കീമാണ് ഇത് കോഓഡിനേറ്റ് ചെയ്തതെന്ന് ഗ്രാഫിക്സ് പ്രതിനിധി ബിജു ലാസർ പറഞ്ഞു. രാജ്യാന്തര ചെറുധാന്യ വർഷാചരണ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഞായറാഴ്ച വൈകീട്ട് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.