കളിച്ചുകളയാൻ നേരമില്ല; നിഹാൽ ഭക്ഷണമൂട്ടുന്ന തിരക്കിലാണ്
text_fieldsകക്കോടി: കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ വിശക്കുന്നവരെക്കുറിച്ച് ചിന്തിച്ചും ഭക്ഷണമെത്തിച്ചും തിരക്കിലമരുകയാണ് മുഹമ്മദ് നിഹാൽ. കിരാലൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ നിഹാലിന് ഞായറാഴ്ച കൂട്ടുകാരോടൊപ്പം കളിക്കാൻ സമയമുണ്ടാകാറില്ല. എല്ലാ ഞായറാഴ്ചയും രാവിലെ ഏഴു മണിക്കുതന്നെ ബക്കറ്റുമേന്തി ഇറങ്ങും.
സമീപത്തെ 35 വീടുകളിൽനിന്ന് ശേഖരിക്കുന്ന ഭക്ഷണം നഗരത്തിൽ തെരുവിലലയുന്നവർക്ക് എത്തിച്ചു നൽകും. നഗരത്തിലെത്തിച്ചുതരാൻ പിതാവോ പിതാവിന്റെ സഹോദരനോ ആണ് സാധാരണ സഹായിക്കാറെങ്കിലും ഇവരുടെ അസൗകര്യത്തിൽ ആരുടെ സഹായം തേടാനും നിഹാലിന് മടിയില്ല. ഭക്ഷണപ്പൊതികൾ ശനിയാഴ്ച വൈകീട്ടോടെ തന്നെ ഉറപ്പുവരുത്തും.
ഇത്രയും ചെറുപ്രായത്തിൽ സേവനം ചെയ്യുന്ന നിഹാലിന്റെ അർപ്പണബോധം നാട്ടുകാരിൽത്തന്നെ അത്ഭുതമുളവാക്കുകയാണ്. കോവിഡ് കാലത്ത് സഹപാഠികൾക്കും നാട്ടുകാർക്കും ആവശ്യമായ സേവന പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ ജില്ല ഭരണകൂടത്തിന്റെയും നാട്ടുകാരുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.
പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നിഹാൽ പിരിച്ചു നൽകിയിട്ടുണ്ട്. പിതാവ് ശിഹാബും മാതാവ് നൂർജഹാനും മൂത്ത സഹോദരൻ മിഥിലാജും തന്നാലാവുംവിധം ചെയ്ത് ഇളയ സഹോദരി ഫാത്തിമയും നിഹാലിനു കൂട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.