ഒമാൻ ഈത്തപ്പഴ ഉത്സവം ഇന്നു മുതൽ
text_fieldsമസ്കത്ത്: കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഒമാൻ ഈത്തപ്പഴ ഉത്സവം തിങ്കളാഴ്ച മുതൽ നടക്കും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (ഒ.സി.ഇ.സി) നവംബർ ഏഴുവരെയാണ് മേള. ഈത്തപ്പഴ ഉൽപന്നങ്ങൾ, ഈത്തപ്പഴം, അവയുടെ വകഭേദങ്ങൾ എന്നിവയുടെ ഉൽപാദനത്തിലും വിൽപനയിലും ഏർപ്പെട്ടിരിക്കുന്ന നിക്ഷേപകരുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പങ്കാളിത്തം ഉൾപ്പെടെ 90 ബിസിനസുകൾ മേളയിലുണ്ടാകും.
ഒമാനിൽ നടക്കുന്ന പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് എട്ടാമത് ഒമാൻ ഈത്തപ്പഴ ഉത്സവം. ഈത്തപ്പഴ ഉൽപാദനത്തിലും സംസ്കരണ മേഖലയിലും നിക്ഷേപം നടത്താൻ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം വർഷംതോറും പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, രാജ്യത്തെ ഈത്തപ്പഴ ഉൽപാദനത്തിൽ വർധനയാണുണ്ടായിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2020ൽ 3,66,383 ടണ്ണായിരുന്നു ഈത്തപ്പഴ ഉൽപാദനമെങ്കിൽ 2021ൽ 3,74,341 ടണ്ണായി ഉയർന്നു. 2.2 ശതമാനത്തിന്റെ വർധനയാണുണ്ടായത്.
ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുപ്രകാരം 2021ൽ ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉൽപാദിപ്പിച്ചത് ദാഖിലിയ ഗവർണറേറ്റാണ്- 89 ടൺ. വടക്കൻ ബാത്തിന -57,399 ടൺ, തെക്കൻ ബാത്തിന -56,351 ടൺ, വടക്കൻ ശർഖിയ - 52,721 എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്ന ഗവർണറേറ്റുകൾ.ഈത്തപ്പഴ ഉൽപാദനം വർധിപ്പിക്കുന്നതിനും ഭക്ഷണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി 2017ലാണ് മില്യൺ ഡേയ്റ്റ്സ് പ്ലാന്റേഷൻ പദ്ധതി ആരംഭിച്ചത്.
അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ നിർദേശത്തെ തുടർന്നായിരുന്നു പദ്ധതി സ്ഥാപിച്ചത്. പദ്ധതിയെ പിന്തുണക്കുന്നതിനായി ഒമാനി കർഷകരോട് ഈന്തപ്പന വളർത്താൻ മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.