രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങളുമായി ഒമാനി ഹൽവകൾ
text_fieldsസുഹാർ: ഒമാനി ഹലുവകൾ വിവിധ വലുപ്പത്തിലും രുചിയിലും മാർക്കറ്റിൽ എത്തിത്തുടങ്ങി. ഒമാനികളുടെ ഈദ് ആഘോഷത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത മധുരവിഭവമാണ് ഹൽവ. നമ്മുടെ നാട്ടിൽ കാണുന്ന ഹലുവപോലുള്ളതല്ല ഒമാനി ഹൽവ. വർഷങ്ങൾ ഏറെ പഴക്കമുള്ള രുചിനിർമിതിയാണ് ഒമാനി ഹൽവയുടേത്. നിറത്തിലും രുചിയിലും രൂപത്തിലും വ്യത്യാസമുള്ള ഹലുവ പാരമ്പര്യ ഭക്ഷണരീതിയുടെ കൂടെ ചേർത്തുവെച്ച ഒമാനികളുടെ തനത് മധുരമാണ്. ഈദ് അടക്കമുള്ള വിശേഷദിവസങ്ങളിൽ ഒമാനികൾ അതിഥികളെ സ്വീകരിക്കുന്നത് ഹൽവയും കഹ്വയും നൽകിയാണ്.
പ്രത്യേകം പാത്രത്തിലാണ് ഹൽവ വിതരണത്തിനു വെക്കുന്നത്. ഈ പാത്രങ്ങളിൽതന്നെ സ്വർണനിറമുള്ളതും സ്വർണംപൂശിയതും മുത്തുകൾ പിടിപ്പിച്ചതും അലങ്കാരപ്പണിയുള്ളതുമുണ്ട്. വിവിധ ഡിസൈനുകളുള്ള താലത്തിൽ വിളമ്പുന്ന ഹൽവക്ക് വില കൂടുതലാണ്. പ്രൗഢിയുടെ അടയാളമായാണ് ഇത് വിലയിരുത്തുന്നത്. ഇതിന്‍റെ നിർമാണം ശ്രദ്ധ വളരെ കൂടുതൽ വേണ്ട രീതിയാണെന്ന് സീബ് സൂക്കിൽ 35 വർഷമായി ഹൽവ നിർമിക്കുന്ന പവിത്രൻ പറയുന്നു.
പഞ്ചസാരയും നെയ്യും വെള്ളവും മൈദയും ചേർത്ത് വിളയിച്ചെടുക്കുന്ന ഹൽവയിൽ കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്സ്, റോസ് വാട്ടർ, ഏലക്ക തുടങ്ങി നിരവധി ചേരുവകൾ അനുപാതത്തിൽ ചേർത്തെടുക്കുകയാണ് ചെയ്യുന്നത്. സൗദി, ഖത്തർ, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിൽ ഏറെ പ്രിയമാണ് ഒമാനി ഹൽവക്ക്. പവിത്രന്‍റെ ഭാഷയിൽ പറഞ്ഞാൽ മലബാറിലുണ്ടാകുന്ന കിണ്ണത്തപ്പത്തിന്‍റെ നിർമാണരീതിതന്നെയാണിത്. ചേരുവയിലുള്ള മാറ്റമാണ് ഒമാനി ഹൽവയെ വ്യത്യസ്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.