ജൈവ പച്ചക്കറികള്‍ അബൂദബി മാളില്‍
text_fieldsജൈവ പച്ചക്കറികളുടെയും പഴങ്ങളുടെയും കലവറയൊരുക്കി ജനങ്ങളെ സ്വാഗതം ചെയ്യുന്ന എമിറേറ്റിലെ റൈപ് മാര്‍ക്കറ്റ് ഇനി അബൂദബി മാളില്‍. അല്‍ മരിയ ഐലന്‍ഡിലെ സീസണ്‍ അവസാനിച്ചതോടെയാണ് മേയ് 27 മുതല്‍ അബൂദബി മാളില്‍ റൈപ്പ് മാര്‍ക്കറ്റ് തുറക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. ഓര്‍ഗാനിക് ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച അവസരമാണ് റൈപ് മാര്‍ക്കറ്റിലുള്ളത്. വേനല്‍ക്കാലത്ത് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാവിലെ 10 മണിക്കും രാത്രി ഒമ്പതിനും ഇടയില്‍ പ്രാദേശിക വ്യാപാരികളില്‍ നിന്ന് ജൈവ പച്ചക്കറികളും പഴങ്ങളും വാങ്ങാന്‍ സാധിക്കും. കര്‍ഷരുടെ തോട്ടങ്ങളില്‍ നിന്നു ശേഖരിക്കുന്നവയാണ് റൈപ്പ് മാര്‍ക്കറ്റില്‍ വില്‍ക്കുക. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമേ തേയിലപ്പൊടി, പ്രാദേശികമായി ശേഖരിക്കുന്ന തേന്‍, മുട്ടകള്‍ തുടങ്ങിയവയും ലഭ്യമാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനായി ഫാഷന്‍, ആഭരണങ്ങള്‍, കലാസൃഷ്ടികള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും മാര്‍ക്കറ്റിന്‍റെ പ്രത്യേകതയാണ്. ഷോപ്പിങ്ങിനെത്തുന്നവര്‍ക്ക് രുചികരമായ വിഭവങ്ങളുമായി ഭോജ്യശാലകളും കോഫി ഷോപ്പുകളുമൊക്കെയുണ്ട്.
ഷോപ്പിങ്ങിനെത്തുന്ന കുടുംബങ്ങളെ ആനന്ദിപ്പിക്കാനായി ചിത്രരചന, കരകൗശലവസ്തുക്കള്‍ എന്നിവയുമുണ്ട്. തദ്ദേശീയ സംരംഭങ്ങളെയും ബിസിനസ്സുകളെയും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2011ലാണ് റൈപ് മാര്‍ക്കറ്റിന് തുടക്കം കുറിച്ചത്. അബൂദബി, ദുബൈ, ഉമ്മുല്‍ സെഖ്വിം എന്നിവിടങ്ങളിലായാണ് റൈപ് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നത്. 2023 ഏപ്രില്‍ 29 വരെയാണ് വ്യത്യസ്ത ഇനം ജൈവ വിളകളുമായി റൈപ് മാര്‍ക്കറ്റ് അബൂദബി അല്‍ റീം ഐലന്‍ഡിന് സമീപത്തെ അല്‍ മരിയ ഐലന്‍ഡില്‍ സജ്ജമാക്കിയിരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി അല്‍ സഹിയ അബൂദബി മാളുമായി ബന്ധപ്പെടാവുന്നതാണ് (ഫോൺ: 04 315 7000). പ്രാദേശിക സംരംഭങ്ങളെയും ബിസിനസ്സുകളെയും പ്രോല്‍സാഹിപ്പിക്കുക, തദ്ദേശീയ ടൂറിസം വികസനത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് അബൂദബിയില്‍ നടപ്പാക്കി വരുന്നത്. ഇതിന്‍റെ ഭാഗമായി അടുത്തിടെ ഫാം ടൂറിസത്തിനും അനുമതി നല്‍കിയിരുന്നു. 2023 അവസാനത്തോടെ 24 ദശലക്ഷം സന്ദര്‍ശകരെ അബൂദബിയിലേക്ക് ആകൃഷ്ടരാക്കാനുള്ള പദ്ധതിയും അബൂദബി സാംസ്‌കാരിക വിനോദ വകുപ്പ് നടപ്പാക്കി വരികയാണ്. വിനോദ സഞ്ചാരികള്‍ക്ക് ഫാമുകള്‍ സന്ദര്‍ശിക്കാനും താമസിക്കാനുമുള്ള അനുമതി നല്‍കിയതു വഴി ടൂറിസം മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ഫാമിലെ ഉല്‍പ്പന്നങ്ങള്‍ അവിടെത്തന്നെ വിറ്റഴിക്കാനും സാധിക്കും. മാത്രമല്ല, ഹോം സ്റ്റേകള്‍ വാടകയിനത്തില്‍ അധിക വരുമാനം കണ്ടെത്തുന്നതിനും ഉപകരിക്കും. നഗരത്തിലെ തിരക്കുകളില്‍ നിന്നു മാറി ഗ്രാമീണ അന്തരീക്ഷത്തില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ചിലഴിക്കാം. ജൈവ ഉല്‍പ്പന്നങ്ങള്‍ നേരിട്ടു വാങ്ങുകയും ചെയ്യാം. അതേസമയം, ഫാമിലെ കൃഷികളെ ദോശകരമായി ബാധിക്കത്ത രീതിയില്‍ ചെറിയ ആഘോഷങ്ങള്‍ക്കും ഇത്തരം ഫാമുകളില്‍ അവസരമുണ്ട്. കമ്പനികളുടെ വാര്‍ഷിക മീറ്റിങ്, സംഘടനകളുടെയും കൂട്ടായ്മകളുടെയും ഒത്തുചേരല്‍, വിവിധ ആഘോഷങ്ങള്‍ക്കുമൊക്കെ ഫാമുകള്‍ ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.