മധുരം നുകരാം പായസം തയാർ
text_fieldsകൊച്ചി: ഓണക്കാലമെത്തിയതോടെ മധുരമൂറുന്ന പായസ വിപണിയും സജീവമായി. ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും വിവിധതരം പായസങ്ങളുമായി വ്യാപാരം കൊഴുപ്പിക്കുകയാണ്. കൂടാതെ പ്രത്യേക പായസ സ്റ്റാളുകളും വഴിയോരങ്ങളിലടക്കം സജ്ജമായിക്കഴിഞ്ഞു. ഇത്തവണ കൂടുതൽ വ്യത്യസ്തതകളുമായി കെ.ടി.ഡി.സിയുടെ പായസ വിൽപനയും ഒരുങ്ങുകയാണ്. 25ന് രാവിലെ 11.30നാണ് ഉദ്ഘാടനം. തിരുവോണ ദിനത്തിൽ ഉച്ചവരെ എറണാകുളം മറൈൻഡ്രൈവിലെ കെ.ടി.ഡി.സി കോംപ്ലക്സിൽ പ്രത്യേക കൗണ്ടറിൽ പായസ വിൽപനയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
പാലട, അട, പരിപ്പ്, ഗോതമ്പ് പായസങ്ങൾ ലിറ്ററിന് 350 രൂപക്ക് ലഭ്യമാകും. സ്പെഷൽ പായസങ്ങളായ കരിക്ക് പായസം, ബനാന പായസം, ഈന്തപ്പഴ പായസം, മുളയരി പായസം എന്നിവയും ഇത്തവണയുണ്ടാകും. ഇവ ഒരു ലിറ്ററിന് 400 രൂപ നിരക്കിലായിരിക്കും ലഭ്യമാക്കുക. ഓരോ ദിവസവും ഓരോ സ്പെഷൽ പായസം എന്ന നിലയിൽ അവതരിപ്പിക്കുമെന്ന് കെ.ടി.ഡി.സി അധികൃതർ അറിയിച്ചു.
മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ വിൽപനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കെ.ടി.ഡി.സി സ്വന്തം നിലയിൽ തയാറാക്കുന്ന പായസങ്ങൾ മികച്ച നിലവാരത്തിലുള്ളതായിരിക്കുമെന്ന് അവർ വ്യക്തമാക്കി. കൗണ്ടറിൽനിന്ന് പാക്ക് ചെയ്ത് വാങ്ങുന്ന രീതിയിലായിരിക്കും പായസം സജ്ജമാക്കുക. മുൻകൂട്ടി പാക്ക് ചെയ്തുവെക്കുന്ന രീതി അവലംബിക്കില്ലെന്നും അവർ പറഞ്ഞു. തനത് കേരളീയ രീതിയിൽ രുചിയും ഗുണവും മണവും നിലനിർത്തി പാചക വിദഗ്ധരാൽ തയാറാക്കപ്പെടുന്നുവെന്നതാണ് പ്രത്യേകതയെന്നും അവർ വ്യക്തമാക്കി.
എറണാകുളം ടി.ഡി.എം ഹാളിൽ നടക്കുന്ന പായസം മേളയിൽ പാലട, പരിപ്പ്, ഗോതമ്പ് എന്നിവയാണ് പ്രധാന ഇനങ്ങൾ. കൂടാതെ അടപ്രഥമൻ, പഴം, ശർക്കര പായസങ്ങളുമുണ്ടാകും. ലിറ്റർ പായത്തിന് 250 രൂപയും അരലിറ്ററിന് 150 രൂപയുമാണ് വില.
പഴം പായസത്തിന് മാത്രം ലിറ്ററിന് 300 രൂപയും അരലിറ്ററിന് 160 രൂപയുമാണ്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലും കലൂർ, മേനക എന്നിവിടങ്ങളിൽ ഹോട്ടലുകളിലും സ്റ്റാളുകളിലുമായി വിപണന സ്റ്റാളുകൾ ഉണ്ട്.
ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ ചാരിറ്റി ഉൾപ്പെടെ ലക്ഷ്യമിട്ടും പായസ വിൽപന നടത്തുന്നുണ്ട്.
കതൃക്കടവിൽ ആരംഭിച്ച പായസ വിൽപന വരുംദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പി.പി. ഫൈസൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.