കാണാൻ കൊള്ളാം... കറിവെക്കാനും...; കളിമൺ പാത്രക്കച്ചവടം തകൃതി
text_fieldsകാലത്തിനനുസരിച്ച് കോലം മാറിയെത്തുകയാണ് കളിമൺ പാത്രങ്ങൾ. ഇരുമ്പും അലുമിനിയവും സ്റ്റീലും കടന്ന് നോൺസ്റ്റിക് വരെ എത്തിയ പാചക പാത്രങ്ങളുടെ പരിണാമ ചക്രത്തിൽ പൊടുന്നനെയാണ് കളിമൺ പാത്രങ്ങൾ തിരിച്ചു വരുന്നത്. കുടവും കലവും കറിചട്ടിയും ചെടിച്ചട്ടിയും മാത്രം നിർമ്മിച്ചിരുന്ന മൺപാത്ര വ്യവസായ വിപണന മേഖലക്ക് പുത്തൻ ഉണർവ്വാണ് അടുക്കളകളിലെ നവതരംഗം നൽകുന്നത്.
പ്രാചീന വേഷം വെടിഞ്ഞ് വ്യത്യസ്തമായ രൂപത്തിലും നിറത്തിലും ആകൃതിയിലും കളിമൺ പാത്രങ്ങൾ ആവശ്യക്കാരെ തേടിയെത്തുന്നു. ആധുനിക അടുപ്പുകളിൽ എളുപ്പം ഉപയോഗിക്കാമെന്നതും പഴമയുടെ സ്വാദ് ഒട്ടും ചോരാതെ കിട്ടുമെന്നതുമാണ് പുതുതലമുറക്ക് കളിമൺപാത്രങ്ങൾ ഹരമാക്കുന്നത്. ദോശചട്ടി, അപ്പച്ചട്ടി, ഫ്രൈപാൻ, പുട്ടുകുറ്റി, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ, പ്രതിമകൾ, വിളക്കുകൾ, കൂജകൾ എന്നിവയെല്ലാം ലഭ്യമാണ്.
ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കാവുന്ന മൺപാത്രങ്ങൾ വരെ വിപണിയിലുണ്ട്. കോട്ടയം എം.സി. റോഡിലും ബൈപാസുകളിലും ദിവസേന എന്ന വിധം കളിമൺപാത്ര വില്പന ശാലകൾ തുറക്കുന്നത് കളിമൺ പാത്രങ്ങളുടെ സ്വീകാര്യത സൂചിപ്പിക്കുന്നു. പഴമയെ നെഞ്ചോടു ചേർക്കുന്നവരാണ് കൂടുതലായി മൺപാത്രങ്ങൾ തേടി എത്തുന്നത്. പുട്ടുകുറ്റിക്ക് 380 രൂപയാണു വില, കറിചട്ടി 120 രൂപ മുതലും വിൽക്കുന്നുണ്ട്.
നാലുരൂപ മുതൽ നാലായിരം രൂപ വരെ വില വരുന്ന മൺപാത്രങ്ങൾ വിപണനത്തിനായി ഉണ്ട്. ഏറ്റവും കൂടുതൽ ആവശ്യക്കാർ കറി ചട്ടികൾക്കാണെന്ന് കോട്ടയം ഏറ്റുമാനൂർ ബൈപാസിൽ കളിമൺ പാത്രങ്ങൾ വിൽക്കുന്ന മണി പറയുന്നു. കട്ടച്ചിറയിൽ കളിമൺ പാത്രങ്ങൾ നിർമിക്കുന്നവരുടെ സഹകരണസംഘത്തിനു കാലം അനുകൂലമാണ്. സ്ഥാപനത്തിൽ നിർമിക്കുന്നതിനു പുറമെ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരുന്ന കളിമൺ ഉൽപന്നങ്ങളും ഇവിടെ വൻതോതിൽ വിറ്റഴിയുന്നു.
സമ്മാനങ്ങൾ നൽകുന്നതിലും കളിമണ്ണിന് പ്രാധാന്യം വർധിക്കുകയാണെന്ന് സെറാമിക് ഉൽപന്നങ്ങൾ വിൽക്കുന്ന മറീന ഓർബിസ് ഉടമകൾ പറയുന്നു. കണ്ണഞ്ചിക്കുന്ന നിറങ്ങളിൽ ചെടിചട്ടികളും ഡിന്നർസെറ്റുകളും വിപണിയിലുണ്ട്. പുതിയ വീടുകൾ നിർമിക്കുന്നവരാണ് ഇത്തരം ഉൽപന്നങ്ങളുടെ ആവശ്യക്കാർ. ആഢംബര വിൽപനശാലകൾ മുതൽ വഴിയരികിൽ കൂട്ടിയിട്ടു വിൽക്കുന്നവർക്കുവരെ കച്ചവടം കൂടിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നും ലോഡ് കണക്കിന് കളിമൺ പാത്രങ്ങളാണ് സംസ്ഥാനത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.