ഈത്തപ്പഴ കയറ്റുമതിയിൽ ഒന്നാമതെത്തി സൗദി
text_fieldsയാംബു: ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ ഒന്നാമതെത്തി സൗദി അറേബ്യ. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ രാജ്യത്ത് 3.40 കോടി ഈന്തപ്പനകളിൽനിന്ന് പ്രതിവർഷം 16 ലക്ഷം ടൺ ഉൽപാദനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇന്റർനാഷനൽ ട്രേഡ് സെന്ററിന്റെ ‘ട്രേഡ് മാപ്’ അനുസരിച്ച് കഴിഞ്ഞ വർഷം ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം 121.5 കോടി റിയാലിന്റെ ഈത്തപ്പഴമാണ് സൗദി 113 വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാനിരക്ക് 12.5 ശതമാനം ആയതായി അധികൃതർ അറിയിച്ചു. 2023ന്റെ ആദ്യ പാദത്തിൽ കയറ്റുമതിയുടെ മൂല്യം ഏകദേശം 57 കോടി 90 ലക്ഷം റിയാലായി ഉയർന്നിരുന്നു. 111 രാജ്യങ്ങളിലേക്കാണ് കയറ്റിയയച്ചത്. ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ ഒന്നാംസ്ഥാനം നേടിയതിന് യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സൗദി അറേബ്യയെ അഭിനന്ദിച്ചു.
എണ്ണയിതര കയറ്റുമതി വർധിപ്പിക്കുന്നതിനും ഈന്തപ്പനകളുടെ കൃഷിയിലും ഉൽപാദനം മെച്ചപ്പെടുത്തുന്നതിലും തൊഴിൽ സമ്പ്രദായം വികസിപ്പിച്ചെടുക്കുന്നതിലും രാജ്യം കൈവരിച്ച നേട്ടത്തിന്റെ ഫലമാണിതെന്ന് നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഈന്തപ്പന കൃഷിക്കും അവയുടെ വൈവിധ്യമാർന്ന വിപണന രീതികൾക്കും കയറ്റുമതി സംവിധാനങ്ങൾക്കും രംഗത്തുവന്ന എല്ലാവരെയും അതോറിറ്റി അഭിനന്ദിച്ചു.
രാജ്യത്ത് അൽ ഖസീം മേഖലയിൽ മാത്രം ഒരു കോടി 10 ലക്ഷം ഈന്തപ്പനകൾ കൃഷി ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 300 ഇനം ഈത്തപ്പഴങ്ങൾ സൗദിയിൽ വിവിധ മേഖലകളിൽ കൃഷി ചെയ്യുന്നുണ്ട്. കാർഷിക മൊത്ത ഉൽപന്നത്തിന്റെ 12 ശതമാനവും എണ്ണയിതര മൊത്ത ഉൽപന്നത്തിന്റെ 0.4 ശതമാനവും ഈത്തപ്പഴ വിപണിയിൽനിന്നാണ്. രാജ്യത്തെ ഏകദേശം ഈന്തപ്പനകളുടെ എണ്ണം മൂന്നു കോടി 30 ലക്ഷത്തിലെത്തിയതായും കാർഷിക മന്ത്രാലയം വ്യക്തമാക്കി.
ഇത് ലോകത്തിലെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനമാണെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് വികസനവും സുസ്ഥിരതയും വഴി ഈത്തപ്പഴ മേഖല വികസിപ്പിക്കുക എന്നത്. ഈ മേഖലയിലുണ്ടായ മഹത്തായ നേട്ടം രാജ്യത്തെ കാർഷിക മേഖലയിൽ കൈവരിച്ച മികവാണ് പ്രകടമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.