ഹോട്ടൽ മാനേജ്‌മെൻറിലും മികവ് പുലർത്തി സൗദി വനിതകൾ
text_fieldsയാംബു: സൗദി തൊഴിൽരംഗത്ത് സ്ത്രീ ശാക്തീകരണം മുന്നേറുമ്പോൾ ഹോട്ടൽ മാനേജ്‌മെന്റ് രംഗത്തും കഴിവുതെളിയിച്ച് സൗദി യുവതികൾ. യൂറോപ്പിൽനിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ധാരാളം സൗദി യുവതികൾ ഈ രംഗത്തേക്ക് കടന്നുവരുന്നത്. രാജ്യത്തെ ടൂറിസം മന്ത്രാലയം അന്താരാഷ്ട്ര പരിശീലന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവർക്കാവശ്യമായ പരിശീലനം നൽകുന്നത്. . ക്രൂയിസ് കപ്പലിലടക്കം ഹോട്ടൽ മാനേജ്മെൻറിൽ പരിശീലനം നടത്തുന്നുണ്ട്. സൗദി യുവാക്കളും ഈ രംഗത്ത് മുന്നേറ്റം നടത്തുകയാണ്.
രാജ്യത്ത് ഹോട്ടൽ വ്യവസായം വളർച്ചയുടെ പാതയിലാണ്. വിനോദസഞ്ചാരം വികസിക്കുന്നതോടൊപ്പം ഹോസ്പിറ്റാലിറ്റി രംഗത്ത് വലിയ വളർച്ചാസാധ്യതയാണ് തെളിയുന്നത്. കൂടാതെ മക്കയിലും മദീനയിലുമായി തീർഥാടകർക്കുവേണ്ടിയും കൂടുതൽ ഹോട്ടൽ സൗകര്യങ്ങൾ ഒരുങ്ങുന്നുണ്ട്. മക്കയിൽ മാത്രം 1,400ലധികം വൻ ഹോട്ടലുകൾ നിലവിലുണ്ട്. ഇവിടങ്ങളിലെ താമസസൗകര്യം, റിസപ്ഷൻ, താമസ മുറികൾ, അടുക്കള സേവനം, മേൽനോട്ടം, മാനേജ്മെന്റ്, ബുക്കിങ് എന്നിവ ഉൾപ്പെടെയുള്ള ജോലികളിൽ വിദേശ പരിശീലനം ലഭിച്ച ആയിരക്കണക്കിന് സൗദി യുവതീയുവാക്കൾ നിയമിതരായിട്ടുണ്ട്.
'ഫെയർമോണ്ട് ഗോൾഡ്' ഹോട്ടലിലെ അസിസ്റ്റന്റ് മാനേജരായ സാറാ നിയാസി എന്ന സൗദി യുവതി സ്വിറ്റ്‌സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലുള്ള ലെസ് റോച്ചസ് ഇന്റർനാഷനൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റിൽനിന്നാണ് തീവ്രപരിശീലന കോഴ്‌സ് പൂർത്തിയാക്കിയത്. സൗദി വനിതകളുടെ ശാക്തീകരണത്തിൽ മുന്നിൽനിൽക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മക്കയിലെ ഒരു ഹോട്ടലിലെ ഗസ്റ്റ് റിലേഷൻസ് സൂപ്പർവൈസറായി ജോലിചെയ്യുന്ന റെഹാം സാഹിദ് പറഞ്ഞു.
സൗദിയിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ വിവിധ പദ്ധതികൾ വിജയംകണ്ടതായി തൊഴിൽ രംഗത്തെ വനിതകളുടെ പങ്കാളിത്തക്കണക്ക് വ്യക്തമാക്കുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കിലും സ്വദേശി വനിതകൾക്കിടയിലെ തൊഴിൽമേഖലയിലുള്ള പങ്കാളിത്ത നിരക്ക് വർധിച്ചതായി വ്യക്തമാണ്. രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുകയാണ്.
ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030ലെ ലക്ഷ്യങ്ങളിൽപെട്ട സ്ത്രീശാക്തീകരണ പദ്ധതികൾ വമ്പിച്ച വിജയം വരിക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിൽരംഗത്ത് നിലവിലുള്ള വനിതകളുടെ പങ്കാളിത്തവും പുതിയ മേഖലകളിൽ അവർക്കുള്ള പുതിയ സാധ്യതകളും നിരന്തരം പഠനവിധേയമാക്കിയും ചർച്ച ചെയ്തും അധികൃതർ മുന്നോട്ടുപോകുന്നതും ഈ മേഖലയിൽ വൻ കുതിപ്പിന് ആക്കംകൂട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.