ആറ് ഗവർണറേറ്റുകളിൽ മുന്തിരികൃഷി വ്യാപിപ്പിക്കാൻ പദ്ധതി
text_fieldsമസ്കത്ത്: ഒമാനിലെ ആറ് ഗവർണറേറ്റിൽ മുന്തിരികൃഷി വ്യാപിപ്പിക്കാൻ കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം പദ്ധതിയിടുന്നു. ഇതിനായി ഒരു ലക്ഷം റിയാലിന്റെ പദ്ധതിക്കാണ് മന്ത്രാലയം രൂപം നൽകിയത്. വടക്കൻ ശർഖിയ്യ, ദാഖിലിയ, ദാഹിറ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദോഫാർ ഗവർണറേറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുന്തിരി കൃഷിക്കാർക്ക് പിന്തുണ നൽകുകയും ഉൽപാദന മേഖലയിൽ സ്വയംപര്യാപ്ത നേടുകയുമാണ് ലക്ഷ്യം.
മുന്തിരിയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയും ഇത് വഴി ചെറുകിട ഇടത്തരം ബിസിനസ് സംരംഭകർക്ക് അവസരം ലഭിക്കുമെന്നും മന്ത്രാലയം വികസന ഫണ്ട് എക്സിക്യൂട്ടിവ് ഡയറക്ടർ മസൂദ് ബിൻ സുലൈമാൻ അൽ അസ്രി പറഞ്ഞു. മുന്തിരി ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 25 കർഷകർക്കും മന്ത്രാലയത്തിന്റെ അഞ്ച് സാങ്കേതിക വിദഗ്ധർക്കും മുന്തിരി കൃഷി, വിളവെടുപ്പ്, വിപണനം എന്നിവയിൽ പരിശീലനവും നൽകും. പദ്ധതിയുടെ ഭാഗമായി ഒരു ഏക്കറിൽ കൂടുതൽ ജലസേചന സൗകര്യമുള്ള കൃഷി ഭൂമിയിൽ പ്രത്യേക ഫാമുകൾ സജ്ജമാക്കുന്നതിനും പദ്ധതി സൗകര്യം ഒരുക്കും.
രണ്ട് തരം പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കുന്നത്. 24 മാസക്കാലം കൃഷി, വിളവെടുപ്പ്, വിപണനം എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും പ്രോത്സാഹനം നൽകുന്നതാണ് ഒന്ന്. മുന്തിരി കൃഷിയുടെ സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ഇല വെട്ടൽ, സങ്കര ഇനം മുന്തിരി വള്ളികൾ വളർത്തൽ, വളം നൽകൽ, ഗുണ നിലവാരം നിയന്ത്രിക്കൽ തുടങ്ങിയ മേഖലകളിൽ പ്രോത്സാഹനം നൽകലാണ് രണ്ടാമത്തേത്.
ഒരു ലക്ഷം റിയാലിന്റെ പദ്ധതിയിലൂടെ നിരവധി ഗുണഫലങ്ങളാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 25 ഏക്കർ സ്ഥലത്തേക്ക് കൂടി മുന്തിരി കൃഷി വ്യാപിപ്പിക്കുക, ഉൽപാദനം 134 ടൺ ആയി വർധിപ്പിക്കുക, മുന്തിരിയുടെ വിവിധ വിഭാഗങ്ങളെ പറ്റി ഗവേഷണം നടത്താൻ ജനിതക ബാങ്ക് സ്ഥാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.