കാത്തിരിക്കുന്നു, അറബ് രുചികളുടെ മേളം
text_fieldsദുബൈ: ലോകത്താകമാനമുള്ള ജനലക്ഷങ്ങളെ സ്വീകരിക്കുന്ന എക്സ്പോ 2020 ദുബൈയിൽ അറബ് പാചകരീതികളും ഭക്ഷ്യവിഭവങ്ങളും പരിചയപ്പെടുത്താൻ പ്രത്യേക ഹാളൊരുങ്ങി. സന്ദർശകർക്ക് ഉപഭൂഖണ്ഡത്തിെൻറ വിഖ്യാതമായ രുചിവൈവിധ്യങ്ങളെ അനുഭവിക്കാൻ കഴിയുന്നതാണ് റൈസിങ് ഫ്ലവേഴ്സ് ഫുഡ് ഹാൾ. മൂന്നുനില ഭക്ഷണഹാളിെൻറ താഴത്തെനിലയിലാണ് ഓരോ ജി.സി.സി രാജ്യത്തിെൻറയും പാചകവൈവിധ്യം പ്രകടമാക്കുന്ന പാചകക്കാരും റസ്റ്റാറൻറുകളും ഉൾപ്പെടുന്ന സംവിധാനം ഒരുങ്ങുന്നത്. യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷ്യവിഭവങ്ങളാണ് ഇവിടെ ലഭ്യമാവുക.
മേഖലയിലെ സെലിബ്രിറ്റി ഷെഫുകളായ സൗദിയിലെ ആദ്യ എക്സിക്യൂട്ടിവ് ഷെഫ് ദൗഹ അബ്ദുല്ല അൽ ഒതൈഷാൻ, യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പാസ്ട്രി ഷെഫ് കാർമൻ റിയോഡ, ബഹ്റൈനിലെ ഏറ്റവും പ്രശസ്തമായ റസ്റ്റാറൻറ് ഉടമ റൊആയ സലിഹ്, ഒമാനി സെലിബ്രിറ്റി ഷെഫ് നാദിർ അല ഐസാരി, ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ലബനീസ് ഷെഫ് മുഹമ്മദ് നജീം തുടങ്ങി നിരവധി പ്രമുഖർ ഇവിടെ ഭക്ഷ്യമേളയൊരുക്കും.
ഒരു നാടിനെ കുറിച്ച് മനസ്സിലാക്കാൻ ഏറ്റവും എളുപ്പം അവിടത്തെ ഭക്ഷണം രുചിക്കലാണെന്നും അത്തരമൊരു സൗകര്യമാണ് റൈസിങ് ഫ്ലവേഴ്സ് ഫുഡ് ഹാളിൽ ഒരുക്കുന്നതെന്നും എക്സ്പോ ഫുഡ് ആൻഡ് ബിവറേജ് ഡയറക്ടർ ജലാൽ അബ്ദുല്ലത്തീഫ് പറഞ്ഞു. യു.എ.ഇയിൽനിന്ന് തന്നെ ലോകമെമ്പാടുമുള്ള രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ ഇവിടെ സാധിക്കും. ഗൾഫ് രാജ്യങ്ങൾ ആകർഷകവും നൂതനവുമായ ആശയങ്ങളാണ് അവതരിപ്പിക്കുന്നത്. അതിഥികൾക്ക് വിവിധ രാജ്യങ്ങളിലെ രുചികൾ ആസ്വദിക്കാനും പശ്ചിമേഷ്യയിലെ സംസ്കാരങ്ങളെക്കുറിച്ച് കൂടുതലറിയാനും ഇത് സഹായിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
ബീഫ്, കൂൺ, ചെമ്മീൻ, പച്ചക്കറി വിഭവങ്ങളുടെ വ്യത്യസ്ങ്ങളായ രുചിഭേദങ്ങളും ഇവിടെ പരിചയപ്പെടാം. ഹാൾ മതിലുകളിൽ അറബ് കലാകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ആസ്വദിക്കാൻ ഹാളിൽ ലൈവ് സംഗീതപരിപാടികളും ഉണ്ടാകും. പരമ്പരാഗതവും ആധുനികവുമായ വാദ്യോപകരണങ്ങൾ അടങ്ങുന്ന സംഗീതമേളം ഭക്ഷണത്തോടൊപ്പം അനുവാചകരെ ഹരംകൊള്ളിക്കും. www.expo2020dubai.com/en/plan-your-visit/where-to-eat എന്ന ലിങ്ക് വഴി നേരത്തെ ഹാളിൽ പ്രവേശനം ബുക് ചെയ്യാനുള്ള അവസരമുണ്ട്.
എക്സ്പോയിൽ വിവിധ രാജ്യങ്ങൾ അവരുടെ ദേശീയ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിൽ സന്ദർശകർക്ക് പരമ്പരാഗതവും പ്രത്യേകവുമായ ഭക്ഷണം ആസ്വദിക്കാൻ അവസരം ലഭിക്കും. സൈറ്റിലുടനീളം 200ലധികം ഭക്ഷണപാനീയ ഔട്ട്ലെറ്റുകൾ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.