പപ്പായ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് രാജ്യം
text_fieldsയാംബു: പപ്പായകൃഷിയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. പപ്പായയുടെ വാർഷിക ഉൽപാദനം 4.717 ടൺ എത്തിയതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കയറ്റുമതിക്കായി 296 ടണ്ണും പുനർകയറ്റുമതിക്കായി 3.8 ടണ്ണും ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ പപ്പായയുടെ വാർഷിക ഇറക്കുമതി 571 ടൺ ആയി കുറഞ്ഞതും നേട്ടമായി വിലയിരുത്തുന്നു. രാജ്യത്ത് കിഴക്കൻ മേഖലയിലാണ് പപ്പായ കൃഷി വ്യാപകം. ജിസാൻ പ്രദേശങ്ങളിലും ഹറൂബ്, അരീഷ്, സായ്ബ, ദമദ് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലുമാണ് കൂടുതൽ വിളവെടുപ്പ്.
പപ്പായയുടെ വിവിധ സങ്കരയിനങ്ങൾ കൃഷി ചെയ്യുന്നതും രാജ്യനിവാസികൾ ഔഷധവീര്യമുള്ള ഈ ഫലം കൂടുതൽ ഉപയോഗിക്കുന്നതും സവിശേഷതയായി വിലയിരുത്തുന്നു. റെഡ്ബെല്ല, റെഡ് ലേഡി, ഹൈബ്രിഡ് എന്നീ സങ്കരയിനത്തിൽപെട്ടവയാണ് കൂടുതലായി കൃഷി ചെയ്യുന്നത്.
പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമാണെന്നും ഈ കാർഷികവിള മൂലം സൗദിയിലെ കർഷകർക്ക് ലാഭമുണ്ടാക്കാൻ കഴിയുന്നതായും മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. വിവിധ ഇനങ്ങളിലുള്ള പലതരം സീസൺ പഴങ്ങൾ രാജ്യത്ത് ഉൽപാദിപ്പിക്കുന്നുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ കയറ്റിഅയക്കുന്നുണ്ടെന്നും പല പഴങ്ങൾക്കും പച്ചക്കറികൾക്കും രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വിവിധ പച്ചക്കറികളുടെയും പഴങ്ങളുടെയും കാർഷിക മേഖല ശക്തിപ്പെടുത്താനും അവയുടെ ഗുണനിലവാരവും സുരക്ഷയും വർധിപ്പിക്കുന്നതിനും കാർഷിക മന്ത്രാലയം വേണ്ട പദ്ധതികൾ കൂടുതൽ നടപ്പാക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.