വേനല്‍ കടുക്കുന്നു; സജീവമാകാന്‍ ഈത്തപ്പഴ വിപണി
text_fieldsഅബൂദബി: വേനല്‍ ശക്തമായിത്തുടങ്ങിയതോടെ വിപണിയിലേക്ക് ഈത്തപ്പഴങ്ങള്‍ പാകമാവുകയാണ്. പകുതി പഴുത്ത ഈത്തപ്പഴമായ റുതബ് ആണ് ഇപ്പോള്‍ വിപണിയിലെ പ്രധാന താരം. വളരെ കുറഞ്ഞ കാലമാണ് ഇവയുടെ ലഭ്യതയെന്ന പ്രത്യേകതയുണ്ടെങ്കിലും റുതബിന്റെ പ്രത്യേക രുചി ഇഷ്ടപ്പെടുന്നവരേറെയാണ്.
ഒമാനില്‍നിന്നാണ് റുതബ് ഏറെയും രാജ്യത്തെത്തുന്നത്. പ്രാദേശിക ഉൽപാദനത്തിനുമുമ്പ് തന്നെയെത്തുന്ന റുതബ് പ്രത്യേക ആഘോഷവേളകള്ക്കുകൂടി പര്യാപ്തമാവുന്നു എന്ന സവിശേഷതയുമുണ്ട്. പ്രാദേശിക ഫാമുകളില്‍നിന്ന് റുതബ് കൂടുതല്‍ എത്തുന്നതോടെ വിലയിലും കുറവുണ്ടാകും.
ബിസ്ര്, റുതബ്, തമര് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് ഈത്തപ്പഴങ്ങള്ക്കുള്ളത്. മൂന്നുഘട്ടവും ഭക്ഷ്യയോഗ്യമാണ്. റുതബ് മൃദുവായതും കരിച്ച പഞ്ചസാരയുടെ രുചിയുമുള്ളതാണ്. എന്നാല്‍, വളരെക്കുറഞ്ഞ അളവില്‍ മാത്രമേ ഇവ വിപണിയില്‍ എത്തുകയുള്ളൂ. റുതബ് നന്നായി പാക്ക് ചെയ്തുവെച്ചാല്‍ എട്ടുമാസം വരെ കേടുകൂടാതിരിക്കും. ഫ്രോസൻ ചെയ്താല്‍ ഇത് ഒരുവര്‍ഷത്തിലേറെ കേടാവാതിരിക്കും.
തമര് ആയാല്‍ ഈത്തപ്പഴം ഫ്രോസന്‍ ചെയ്യാതെതന്നെ ഒരുവര്‍ഷം മുഴുവന്‍ കേടുപറ്റാതെ ഇരിക്കും. റുതബ് ഈത്തപ്പഴത്തേക്കാള്‍ രണ്ടിരട്ടി കലോറിയാണ് തമറിലുള്ളത്. ഗര്‍ഭിണികള്‍ക്ക് റുതബ് കഴിക്കുന്നത് ഗുണകരമാണെന്ന് പറയാറുണ്ട്. രാജ്യം തണുപ്പുകാലത്തേക്ക് കടക്കുന്നതോടെ നടക്കുന്ന ലിവ ഈത്തപ്പഴ മേള, വിവിധതരം ഈത്തപ്പഴങ്ങളെക്കുറിച്ച് അറിവ് പകരുന്ന പരിപാടിയാണ്.
അബൂദബിയില്‍നിന്ന് 150ലധികം കിലോമീറ്റര്‍ അകലെ ലിവ നഗരമേഖല പരിധിയില്‍ നടക്കുന്ന മേളയിലേക്ക് എല്ലാ വര്‍ഷവും നിരവധി പേരാണ് എത്തുന്നത്. വാര്‍ഷിക വിളവെടുപ്പുത്സവം കര്‍ഷകരുടെ മികവ് പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ്. മുന്തിയ ഇനം മുതല്‍ സാധാരണ ഈത്തപ്പഴം വരെ ഇവിടെ ഒരുക്കാറുണ്ട്. ഇവിടെ ഖലാസ്, ബൂമാന്‍, ഖനേസി, ദബ്ബാസ്, ഷിഷി, റുതാബ് തുടങ്ങിയ ഈത്തപ്പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.